കാസർകോട്:ടാറ്റാ ഗ്രൂപ്പ് സർക്കാരിന് നിർമിച്ച് നൽകിയ സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയും പോസ്റ്റ് കൊവിഡ് ക്ലിനിക്കും പ്രവർത്തനം ആരംഭിക്കുമ്പോൾ രാഷ്ട്രീയ ആരോപണങ്ങളും കൊഴുക്കുന്നു. ആശുപത്രി സർക്കാരിന് കൈമാറി ഒന്നര മാസം കഴിഞ്ഞ് പ്രവർത്തനം ആരംഭിക്കുമ്പോഴാണ് വിവാദങ്ങളും ഉയരുന്നത്. ടാറ്റാ ഗ്രൂപ്പ് നിർമിച്ച കൊവിഡ് ആശുപത്രി പൂർണ സജ്ജമാക്കാതെ പ്രവർത്തനം ആരംഭിക്കുന്നത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി ആരോപിച്ചു.
കാസർകോട്ടെ കൊവിഡ് ആശുപത്രി ഉദ്ഘാടനം നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ - kasargod tata covid hospital
ബുധനാഴ്ച രാവിലെയാണ് ചട്ടഞ്ചാൽ തെക്കിൽ വില്ലേജിൽ ടാറ്റ ഗ്രൂപ്പ് നിർമിച്ച ആശുപത്രി ഒന്നര മാസത്തിന് ശേഷം പ്രവർത്തനം ആരംഭിച്ചത്.
കൂടുതൽ വായിക്കാൻ: ടാറ്റ ഗ്രൂപ്പ് കാസർകോട് നിർമിച്ച കൊവിഡ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നു
ആശുപത്രി നിയമനത്തിൽ ഒട്ടും സുതാര്യതയില്ലെന്നും ദുരന്തനിവാരണ ഫണ്ടിൽ നിന്നും ആശുപത്രി വികസനത്തിന് പണം അനുവദിക്കാൻ സർക്കാർ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകണമെന്നും ഉണ്ണിത്താൻ പറഞ്ഞു. 551 കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് ഡോക്ടർമാരെ മാത്രം വെച്ച് 50 പേരെ ചികിൽസിക്കാനാണ് ആരോഗ്യ വകുപ്പ് നീക്കം നടത്തുന്നതെന്നും പ്രതിഷേധത്തിന്‍റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച നിരാഹാര സമരം കേരളപ്പിറവി ദിനത്തിൽ തന്നെ തുടങ്ങുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.