കാസർകോട്: ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഐഡിയൽ കൂൾബാർ ഉടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കാലിക്കടവ് സ്വദേശിയും കേസിലെ നാലാം പ്രതിയുമായ കുഞ്ഞഹമ്മദിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തുള്ള ഇയാൾ സ്വമേധയാ കീഴടങ്ങാനുള്ള സാധ്യത അവസാനിച്ചതോടെയാണ് പൊലീസ് നടപടി.
ഷവർമ കഴിച്ച് വിദ്യാർഥിനി മരിച്ച സംഭവം; കൂൾബാർ ഉടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
വിദേശത്തുള്ള ഇയാൾ സ്വമേധയാ കീഴടങ്ങാനുള്ള സാധ്യത അവസാനിച്ചതോടെയാണ് പൊലീസ് നടപടി.
കേസിൽ കൂൾബാർ മാനേജർ ഉൾപ്പടെ മൂന്ന് പേരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചന്തേര സി.ഐ പി. നാരായണന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ മൂന്ന് പേരെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്‍റെ അടുത്ത നീക്കം.
ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിലെ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് മെയ് ഒന്നിനാണ് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിലായി അമ്പത്തിയൊമ്പത് പേരാണ് ചികിത്സ തേടിയത്. ഇതേ കൂൾബാറിലെ ഭക്ഷ്യ സാമ്പിളുകളിൽ ഷിഗെല്ല- സാൽമൊണല്ല ബാക്‌ടീരിയകളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു.