കാസർകോട്: ഒരു നാടിന്‍റെയാകെ പിന്തുണയോടെ കാസര്‍കോട് സ്വദേശികളായ ടി.പി.അസ്ലമും മുജീബ് റഹ്മാനും യാത്ര ആരംഭിച്ചു. സാഹസികതയോടൊപ്പം സാമൂഹിക ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാമെന്ന സന്ദേശം പകര്‍ന്നു കൊണ്ടാണ് ഇരുവരുടെയും കാല്‍നടയാത്ര.
ധനസമാഹരണത്തിനായി കാല്‍നട യാത്ര ഇവര്‍ നടന്നു തീര്‍ക്കുക കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള 650 കിലോമീറ്ററുകള്‍. പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ നടന്നു തീര്‍ത്ത് 21ദിവസം കൊണ്ട് കന്യാകുമാരി എത്താമെന്നാണ് ഇവരുടെ പ്രതീക്ഷ.
also read:സൗജന്യ മൊബൈല്‍ ഫോണ്‍ വിതരണം ആരംഭിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടം
പണമില്ലാത്തതിനാല്‍ വിദ്യാഭ്യാസം മുടങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഈ നടത്തമെന്നതാണ് ശ്രദ്ധേയം. ഇതിനായി തയാറാക്കിയ ആപ്പിലൂടെ ഏഴ് ലക്ഷത്തോളം രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഏകദേശം രണ്ട് ലക്ഷം രൂപയോളം സമാഹരിച്ചു കഴിഞ്ഞു. ഈ തുകയുപയോഗിച്ച് ഏഴ് കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കുകയും മറ്റു ചിലര്‍ക്ക് പഠന ഉപാധികള്‍ വാങ്ങി നല്‍കുകയും ചെയ്തിട്ടുണ്ട്.
ടി.പി.അസ്ലം മുന്‍പ് ഇന്തോനേഷ്യയിലെ ബാലിയില്‍വെച്ചു നടന്ന 450 കിലോമീറ്റര്‍ സൈക്കിള്‍ റേസിലൂടെ 6500 ഡോളര്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കായി സമാഹരിച്ചു നല്‍കിയിരുന്നു.