കാസർകോട്: സ്വർണ കടത്തുകാർ തട്ടിക്കൊണ്ടുപോയ മഞ്ചേശ്വരം കോളിയൂരിലെ പ്ലസ് വൻ വിദ്യാർഥി അബ്ദുൾ റഹ്മാൻ ഹാരിസിനെ വിട്ടയച്ചു. അന്തർനാടകങ്ങളുടെ അവസാനം വിദേശത്ത് നടന്ന ഒത്തുതീർപ്പിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടിയെ മോചിപ്പിച്ചതെന്ന് വിവരം.
തട്ടിക്കൊണ്ടുപോയ വിദ്യാർഥിയെ കണ്ടെത്തി - kidnap
തിങ്കളാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. മഞ്ചേശ്വരം കോളിയൂരിലെ അബ്ദു റഹ്മാൻ ഹാരിസാണ് തിരിച്ചെത്തിയത്.
തിങ്കളാഴ്ച സഹോദരിക്കൊപ്പം സ്കൂളിലേക്ക് പോകും വഴിയാണ് അബ്ദുൾ റഹ്മാൻ ഹാരിസിനെ കാറിലെത്തിയ ക്വട്ടേഷൻസംഘം കടത്തിക്കൊണ്ടുപോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിദേശത്ത് നടന്ന സ്വർണ ഇടപാടിനെ തുടർന്നാണ് തട്ടിക്കൊണ്ട് പോകലെന്ന് പൊലീസിന് വിവരം ലഭിച്ചു. പൊലീസ് അന്വേഷണ ഊർജിതമായപ്പോഴാണ് വിദ്യാർഥിയെ വിട്ടയച്ചത്. ഗൾഫിലുള്ള മഞ്ചേശ്വരം സ്വദേശിയുടെ നിർദ്ദേശപ്രകാരമായിരുന്നു ക്വട്ടേഷൻ സംഘത്തിന്‍റെ തട്ടിക്കൊണ്ടു പോകൽ. ഇതിന് പിന്നാലെ മോചനദ്രവ്യം ആവശ്യപ്പട്ട് ഹാരിസിന്‍റെ കുടുംബത്തിന് ശബ്ദ സന്ദേശം ലഭിച്ചിരുന്നു. പിന്നാലെയാണ് ഗൾഫിൽ വെച്ച് ഒത്തുതീർപ്പുകൾ നടത്തിയതെന്നാണ് വിവരം.
സ്വർണ ഇടപാടിൽ നൽകാനുള്ള തുകയ്ക്ക് തുല്യമായ വസ്തു ഈടായി നൽകാമെന്ന ഉറപ്പിലാണ് ഹാരിസിനെ മോചിപ്പിച്ചത്. ക്വട്ടേഷൻ സംഘം മംഗലാപുരത്ത് ഇറക്കിവിട്ട ശേഷം ഹാരിസ് വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് മഞ്ചേശ്വരം പൊലീസാണ് ഹാരിസിനെ കാസർകോട്ടെത്തിച്ചത്. വൈദ്യ പരിശോധനക്ക് ശേഷം ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിച്ച ഹാരിസിൽ നിന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദമായ മൊഴി രേഖപ്പെടുത്തി. വിദ്യാർഥിക്ക് മാനസിക സംഘർഷം ഒഴിവാക്കാൻ കൗൺസിലിംഗ് നൽകി.