കാസർകോട് : വികസനത്തിന്‍റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന ദുരവസ്ഥയില്‍ രത്നാകരനും കുടുംബവും. ആദ്യ വീട് ദേശീയപാത എടുത്തതിന് പിന്നാലെ വച്ച പുതിയ വീട് ജലപാതയ്‌ക്ക് വേണ്ടി ഒഴിഞ്ഞുകൊടുക്കേണ്ട ദുര്യോഗത്തിലാണ് ഈ കുടുംബം. ആദ്യം ദേശീയപാതയ്ക്ക് വേണ്ടി വീടും സ്ഥലവും കൊടുത്തു.
ആ സമയത്ത് കിട്ടിയ പണം കൊണ്ട് മറ്റൊരിടത്ത് സ്ഥലം മേടിച്ച് വീട് പണിതു. വീടുപണി പൂർത്തികുമ്പോഴേക്കും ജലപാതയ്ക്കുവേണ്ടി വീണ്ടും കുടിയിറങ്ങേണ്ട അവസ്ഥയാണ് കാഞ്ഞങ്ങാട് തോയമ്മലിലെ കെ രത്നാകരന്‍റേത്. ദേശീയ പാതയ്ക്ക് വേണ്ടിയാണ് മുൻപ് പാതയോരത്തെ വീടും സ്ഥലവും ഈ കുടുംബം സർക്കാരിന് വിട്ടുനൽകിയത്.
നഷ്‌ടപരിഹാരമായി കിട്ടിയ തുക കൊണ്ട് മറ്റൊരിടത്ത് സ്ഥലം വാങ്ങി വീടുപണി തുടങ്ങി. പണി തീർന്ന് പുതിയ വീട്ടിൽ താമസിക്കുന്നത് സ്വപ്‌നം കാണുമ്പോഴാണ് ജലപാതയ്ക്കായി തങ്ങളുടെ പുതിയ വീടും സ്ഥലവും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം അറിയുന്നത്. ഇതോടെ ഇനിയെന്ത് ചെയ്യുമെന്ന ആശങ്കയിലാണ് രത്നാകരനും കുടുംബവും.
നിലവിൽ മാസം 15,000 രൂപ കൊടുത്ത് വാടക വീട്ടിലാണ് രത്നാകരനും കുടുംബവും താമസിച്ചുവരുന്നത്. ദേശീയപാതയോരത്ത് ജില്ല ആശുപത്രിക്ക് സമീപം 32 സെന്‍റ് സ്ഥലം വാങ്ങിയാണ് പുതിയ കോട്ടയിലെ വ്യാപാരി കൂടിയായ കെ രത്നാകരൻ വീട് നിർമിച്ചത്. രണ്ട് പതിറ്റാണ്ടിലധികം ഖത്തറിൽ ജോലി ചെയ്‌ത് കിട്ടിയ സമ്പാദ്യം ചേർത്തുവച്ചായിരുന്നു വീടൊരുക്കിയത്. 30 വർഷം ഈ വീട്ടിൽ താമസിച്ചു.
പിന്നീട് ദേശീയപാതാവികസനത്തിനായി ഈ സ്ഥലവും വീടും വിട്ടുനൽകി. നഷ്‌ട പരിഹാരമായി കിട്ടിയ പണം കൊണ്ട് കാരാട്ടുവയലിൽ 20 സെന്‍റ് സ്ഥലം വാങ്ങി പുതിയ വീടിന്‍റെ പണി തുടങ്ങി. ഇരുനില വീടിന്‍റെ പണിയെല്ലാം പൂർത്തിയായി. താമസിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിനിടെയാണ് ജലപാതയ്ക്ക് വേണ്ടി ഈ വീടും സ്ഥലവും വിട്ടുനൽകേണ്ടി വരുമെന്ന വിവരമറിയുന്നത്.
ജലഗതാഗത വകുപ്പ് പുറത്തുവിട്ട പട്ടികയിൽ രത്നാകരന്‍റെ വീടും സ്ഥലവും ഉൾപ്പെട്ടതോടെ കുടുംബം ആശങ്കയിലായി. രത്നാകരന്‍റെ ഭാര്യ അനിതയ്ക്ക് ഇടതുകാലിന് ശസ്ത്രക്രിയ കഴിഞ്ഞതിനാൽ വിശ്രമത്തിലാണ്. തനിക്കും വയസായി, വീണ്ടുമൊരു വീട് മാറുക ഇനി ആലോചിക്കാൻ പോലുമാകാത്ത കാര്യമാണെന്നും ശാരീരിക പ്രയാസങ്ങൾ ഏറെയാണെന്നും രത്നാകരൻ പറയുന്നു. വിജ്ഞാപനം ഇറങ്ങിയാൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കും.
ജലപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം ഇറങ്ങേണ്ടതുണ്ട്. വിജ്ഞാപനം ഇറങ്ങിയാൽ സർവേ കല്ലുകൾ സ്ഥാപിക്കും. സർവേ കല്ലുകൾ സ്ഥാപിക്കുന്നതോടെ ഏറ്റെടുക്കേണ്ട സ്ഥലങ്ങളുടെ കൃത്യമായ വിവരം ലഭിക്കും. പ്രാഥമിക സർവേയിൽ ഉൾപ്പെട്ട സ്ഥലങ്ങളുടെ അതിരുനിശ്ചയിക്കുമ്പോൾ ഉൾപ്പെടണമെന്നില്ലെന്നും അധികൃതർ പറയുന്നു.
ജലപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് 175 കോടിയാണ് സർക്കാർ അനുവദിച്ചത്. കിഫ്ബി വഴിയാണ് തുക അനുവദിച്ചത്. അരയിപ്പുഴയിലെ കൂളിയങ്കാൽ മുതൽ ചിത്താരി പുഴയിലെ മഡിയൻ വരെയുള്ള 6.65 കിലോമീറ്ററിലാണ് സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. 106 ഏക്കർ സ്ഥലമാണ് ഇവിടെ പദ്ധതിക്കായി വേണ്ടിവരിക.