കാസര്‍കോട് കനകപ്പള്ളിയിലെ ക്രിസ്‌മസ് ആഘോഷം കാസര്‍കോട് :മഞ്ഞുപെയ്യുന്ന രാത്രിയിലെ കാലിത്തൊഴുത്തും, ഉണ്ണിയേശുവും, ആട്ടിടയന്മാരും, കിരീടംവച്ച രാജാക്കന്മാരും, ജ്ഞാനികളും സമ്മാനങ്ങളും ഇവിടെ ഉണ്ടായിരുന്നു. ജീവനുള്ള മനുഷ്യരും മൃഗങ്ങളും ചേർന്ന് യേശുവിന്‍റെ തിരുപ്പിറവി അതേപടി പുനരാവിഷ്‌കരിക്കുകയായിരുന്നു ഇവിടെ. കാസർകോടിന്‍റെ മലയോര ഗ്രാമമായ കനകപ്പള്ളിയിലാണ് തിരുപ്പിറവിയുടെ, ജീവനുള്ള പുൽക്കൂടുകള്‍ വിശ്വാസികള്‍ ആവിഷ്‌കരിച്ചത്.
പള്ളി മുറ്റത്ത് വ്യത്യസ്‌ത നിറങ്ങളിലും മാതൃകയിലുമുള്ള ആറ് പുല്‍ക്കൂടുകളാണ് ഒരുക്കിയത്. ഒപ്പം ഇടവകയിൽ മത്സരവും സംഘടിപ്പിച്ചിരുന്നു. ഫാദര്‍ പീറ്ററിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍ നടന്നത്.
ക്രിസ്‌മസ് എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന ഒന്നാണ് പുൽക്കൂടുകൾ. അത് അതേ മാതൃകയിൽ ഒരുക്കുക എന്നതും ഏറെ പ്രയാസമാണ്. ഒരാഴ്‌ചയോളമെടുത്തുള്ള മുന്നൊരുക്കത്തിന്‍റെ വിജയം കൂടിയായിരുന്നു ഈ പുൽക്കൂടുകളെന്ന് പീറ്റർ പറഞ്ഞു.
യഥാർഥ പുൽക്കൂടിനെ അതേപടി പകർത്താന്‍ സാധിച്ചു. കുട്ടികളെ അടക്കം യേശുവിന്‍റെ പിറവി യഥാർഥ രീതിയിൽ കാണിക്കുക എന്നതായിരുന്നു ലക്ഷ്യം. ഓരോ ക്രിസ്‌മസിനും ഇതുപോലുള്ള വ്യത്യസ്‌തമായ പരിപാടികൾ കനകപ്പള്ളിയില്‍ സംഘടിപ്പിക്കാറുണ്ടെന്നും ഫാദര്‍ പീറ്റര്‍ പറഞ്ഞു.
പുല്‍ക്കൂടിന്‍റെ ജനനം ഇങ്ങനെ :ലോക രക്ഷയ്ക്കായി പിറന്നുവെന്ന് വിശ്വാസികൾ കരുതുന്ന യേശുവിന്‍റെ ജനനം ബെത്‌ലഹേം ഗ്രാമത്തിലെ ഒരു കാലിത്തൊഴുത്തിലായിരുന്നു എന്നാണ് വിശ്വാസം. ഉണ്ണിയേശുവിന്‍റെ ജനനം ലോകമെങ്ങും ആഘോഷിക്കുമ്പോൾ പുല്‍ക്കൂടും കാലിത്തൊഴുത്തുമെല്ലാം വീടുകളിലും ആരാധനാലയങ്ങളിലും നിർമിച്ചാണ് വിശ്വാസികൾ ക്രിസ്‌മസിനെ വരവേല്‍ക്കുന്നത്.
ക്രിസ്‌തു ജനിച്ച ബെത്‌ലഹേം ഗ്രാമത്തിലെ ഗുഹ സന്ദർശിച്ചപ്പോഴാണ് സെന്‍റ് ഫ്രാൻസിസ് അസീസി എന്ന സന്യാസിവര്യന് പുല്‍ക്കൂട് നിർമിക്കാനുള്ള പ്രചോദനമുണ്ടായത്. ബെത്‌ലഹേം ഗുഹയ്ക്കുള്ളിലെ ചെറിയ കാലിത്തൊഴുത്തായിരുന്നു അസീസിയുടെ പ്രചോദനം. യേശുവിന്‍റെ ജനനം പോലെ എളിമയും ലാളിത്യവും വിളിച്ചോതുന്നതായിരുന്നു അസീസിയുടെ പുൽക്കൂട്.
13-ാം നൂറ്റാണ്ടിൽ 1223 ലെ ക്രിസ്‌മസ് രാത്രിയിലാണ് സെന്‍റ് ഫ്രാൻസിസ് അസീസി ലോകത്ത് ആദ്യമായി പുൽക്കൂട് നിർമിച്ചത്. ഇറ്റലിയിലെ ഗ്രേച്ചിയൊവിൽ ഒരു ഗുഹയ്ക്കുള്ളില്‍ നടത്തിയ ക്രിസ്‌മസ് രാത്രിയിലെ ദിവ്യബലിക്കും തിരുക്കര്‍മങ്ങള്‍ക്കും ഇടയിലാണ് വിശുദ്ധ ഫ്രാന്‍സിസ് ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ദൃശ്യം പുനഃസൃഷ്‌ടിക്കുന്നത്. അന്നുമുതല്‍ പുല്‍ക്കൂട് ലോകമെമ്പാടും തിരുപ്പിറവിയുടെ ആത്മീയാനുഭൂതി സമ്മാനിക്കുന്ന ദൃശ്യാവിഷ്കാരമായി ഇന്നും നിലകൊള്ളുന്നു.
ആദ്യകാലങ്ങളിൽ മൺരൂപങ്ങൾ ആയിരുന്നു പുൽക്കൂട്ടിൽ വയ്ക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ന് അവയിലും മാറ്റം വന്നു. മാറ്റങ്ങളുണ്ടായ ഇക്കാലത്ത് പ്ലാസ്റ്റിക്കിലും പ്ലാസ്റ്റർ ഓഫ് പാരീസിലും ഗ്ലാസിലും തീർത്ത ക്രിസ്‌മസ് രൂപങ്ങൾ വിപണിയിൽ ലഭ്യമാണ്.
തിരുപ്പിറവിയുടെ ഓര്‍മയില്‍ നാടെങ്ങും ആഘോഷം:നക്ഷത്രവിളക്കുകളും പ്രത്യാശയുടെ ക്രിസ്‌മസ് ട്രീകളും നാടെങ്ങും മിഴി തുറന്നു. സമ്മാനപ്പൊതികളുമായി സാന്‍റാ ക്ലോസ്, കൊട്ടും മേളവുമായി കരോള്‍, പള്ളികളില്‍ പാതിരാ കുര്‍ബാനകള്‍... തീരുന്നില്ല ആഘോഷങ്ങള്‍. നനുത്ത മഞ്ഞില്‍ മറ്റൊരു ക്രിസ്‌മസ് പുലരിയെക്കൂടി വരവേറ്റിരിക്കുകയാണ് ലോകം.
മനുഷ്യരാശിക്ക് വേണ്ടിയുള്ള ക്രിസ്‌തുവിന്‍റെ ത്യാഗത്തിന്‍റെ ഓര്‍മപ്പെടുത്തല്‍, സാഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സന്ദേശവും പകര്‍ന്ന് നല്‍കുന്ന ഈ ദിനം ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടും കൊണ്ടാടുന്നത്. പ്രവചനങ്ങളെയെല്ലാം യാഥാര്‍ഥ്യമാക്കിക്കൊണ്ട് ലോകത്തിന്‍റെ രക്ഷകനായി കന്യാമേരിയില്‍ നിന്ന് യേശു പിറവിയെടുത്തു. ഇരുളിലാണ്ട് കിടന്ന ലോകത്ത് വെളിച്ചമായി ബത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു അവതരിച്ചുവെന്നാണ് വിശ്വാസം.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ ക്രിസ്‌മസ് ആഘോഷങ്ങളെയും കൊവിഡ് കവര്‍ന്നെടുത്തിരുന്നു. എന്നാല്‍ ഇക്കുറി കൂട്ടായ്‌മകള്‍ ഒത്തുചേര്‍ന്ന് നാടും നഗരവും സന്തോഷത്തോടെയാണ് ഈ ദിനത്തെ ആഘോഷമാക്കുന്നത്. പള്ളികളില്‍ കേക്ക് മുറിച്ച് മധുരം പങ്കിട്ടും പ്രത്യേക പ്രാര്‍ഥനകളിലേര്‍പ്പെട്ടുമാണ് വിശ്വാസികള്‍ ക്രിസ്‌മസ് ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്.