കാസര്‍കോട് :കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ 19 കാരി മരിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്.
അടുക്കത്ത് വയലില്‍ പ്രവര്‍ത്തിക്കുന്ന അൽ റൊമൻസിയ ഹോട്ടലിൽ നിന്നാണ് അഞ്ജുശ്രീ കുഴിമന്തി വാങ്ങിയത്. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. മന്ത്രി വിഷയത്തില്‍ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. അതിനിടെ ഭക്ഷ്യസുരക്ഷാവിഭാഗം ഹോട്ടലിൽ പരിശോധന നടത്തുകയാണ്.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയാണ്. ക്രിസ്‌മസ് അവധിക്ക് നാട്ടിലെത്തിയ അഞ്ജുശ്രീ പുതുവത്സരത്തലേന്നാണ് ഉദുമയിലെ ഹോട്ടലിൽ നിന്നും ഓൺലൈനായി കുഴിമന്തി വാങ്ങിയത്. വീട്ടിൽവച്ച് കുഴിമന്തി കഴിച്ചവർക്കെല്ലാം ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു.
അഞ്ജുശ്രീയുടെ നില മോശമായിരുന്നു. തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവച്ചാണ് ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്.
അഞ്ജുശ്രീയുടെ മൃതദേഹം മംഗളൂരുവില്‍ നിന്നും കാസർകോട് ജനറൽ ആശുപത്രിയിലേക്ക് എത്തിക്കും. ഇവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. കുടുംബം മേൽപ്പറമ്പ് പൊലീസിന് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഭക്ഷ്യവിഷബാധ മൂലം ഒരാഴ്‌ചയ്‌ക്കിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. കോട്ടയത്ത് നഴ്‌സിന്‍റെ മരണത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാവിഭാഗം പരിശോധന നടത്തുന്നതിനിടെയാണ് വീണ്ടുമൊരു മരണം റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് കാസർകോട് ചെറുവത്തൂരിൽ 16 വയസുകാരി ദേവനന്ദ മരിച്ചിരുന്നു.