കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നാളിതുവരെ വിതരണം ചെയ്‌തത് 285 കോടി രൂപയെന്ന് ജില്ല ഭരണകൂടം. സാമ്പത്തിക സഹായം, സൗജന്യ റേഷന്‍ അടക്കം 171 കോടി രൂപ, ചികിത്സ ധനസഹായം 16.83 കോടി രൂപ, പെന്‍ഷന്‍ 81.42 കോടി രൂപ, ആശ്വാസ കിരണം പദ്ധതിക്കായി 4.5 കോടി രൂപ, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി 4.44 കോടി രൂപ, വായ്‌പ എഴുതി തള്ളിയ ഇനത്തില്‍ 6.82 കോടി രൂപ എന്നിങ്ങനെയാണ് വിവിധ ഇനങ്ങളില്‍ സാമ്പത്തിക സാഹയവും മറ്റു ആനുകൂല്യങ്ങളും നല്‍കിയത്. ദുരിത ബാധിതർക്കായി കോടതി വിധിപ്രകാരമുള്ള നഷ്‌ടപരിഹാരത്തുക നാലു മാസത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് ജില്ല കലക്‌ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 6727 പേരാണ് ജില്ലയിലുള്ളത്. ഇവരില്‍ 3014 പേര്‍ക്കായി 1,19,34,00,000 രൂപ വിതരണം ചെയ്‌തു കഴിഞ്ഞു. നിലവില്‍ 3642 പേര്‍ക്കാണ് നഷ്‌ടപരിഹാരം ലഭിക്കാനുള്ളത്. ഇതില്‍ 733 പേര്‍ നഷ്‌ടപരിഹാരം ലഭിക്കാന്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ലിസ്റ്റില്‍ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കലക്‌ടർ അറിയിച്ചു. എന്‍ഡോ സള്‍ഫാന്‍ ദുരിതാശ്വാസം നല്‍കാനുള്ള ദുരിത ബാധിതരെ അഞ്ച് വ്യത്യസ്‌ത വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.