ഇ-ഗവേണന്‍സിനുള്ള ദേശീയ അവാര്‍ഡ് കാസര്‍കോട് ജില്ലാ കലക്‌ടര്‍ ഡോ.ഡി.സജിത് ബാബുവിന് - Kasargod district collector
ജില്ലയില്‍ സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ അംഗപരിമിതര്‍ക്കായി നടപ്പാക്കിയ 'വി ഡിസേര്‍വ്' പദ്ധതിക്കാണ് പുരസ്‌കാരം.
കാസര്‍കോട്: 2019-20 വര്‍ഷത്തെ ഇ- ഗവേര്‍ണന്‍സിനുള്ള ദേശീയ അവാര്‍ഡിന് കാസര്‍കോട് ജില്ലാ കലക്‌ടര്‍ ഡോ. ഡി. സജിത് ബാബു അര്‍ഹനായി. കേന്ദ്ര പേഴ്‌സണല്‍, പബ്ലിക് ഗ്രീവെന്‍സസ് ആന്‍റ് പെന്‍ഷന്‍സ് മന്ത്രാലയത്തിന്‍റെ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് സജിത് അര്‍ഹനായത്. ജില്ലയില്‍ സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ അംഗപരിമിതര്‍ക്കായി നടപ്പാക്കിയ 'വി ഡിസേര്‍വ്' പദ്ധതിക്കാണ് പുരസ്‌കാരം.
ഇ- ഗവേര്‍ണന്‍സില്‍ ജില്ലാ തലത്തില്‍ മികവ് പ്രകടിപ്പിക്കുന്ന പദ്ധതികളില്‍ സ്വര്‍ണ്ണ മെഡലാണ് കലക്‌ടര്‍ക്ക് ലഭിച്ചത്. ഫെബ്രുവരി ഏഴിന് മുംബൈയില്‍ നടക്കുന്ന ഇ- ഗവര്‍ണന്‍സ് ദേശീയ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. കാസര്‍കോട് ജില്ലയ്ക്ക് ആദ്യമായാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്. സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വ്യത്യസ്ത വികസന ക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം. റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ കലക്‌ടറെ അഭിനന്ദിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ എഡിഐപി പദ്ധതിയുമായി സഹകരിച്ചാണ് വി ഡിസേര്‍വ് പദ്ധതി നടപ്പിലാക്കിയത്. എ ഡി ഐ പി സ്‌കീം പ്രകാരം ജില്ലയില്‍ നടത്തിയ ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുത്ത അംഗപരിമിതര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുടെ സഹകരണത്തോടെ സഹായ ഉപകരണങ്ങള്‍ നല്‍കിയത്. പദ്ധതി പ്രകാരം 757 അംഗപരിമിതര്‍ക്കാണ് ആധുനിക സഹായ ഉപകരണങ്ങള്‍ നല്‍കിയത്. ജില്ലാ ഭരണകൂടത്തിനുവേണ്ടി കേരള സാമൂഹിക സുരക്ഷ മിഷനാണ് പദ്ധതിയുടെ ഏകോപനം നിര്‍വഹിച്ചത്. പദ്ധതിയുടെ ഭാഗമായി www.wedeserve.in എന്ന വെബ്സൈറ്റും യാഥാര്‍ഥ്യമാക്കിയിരുന്നു.