കാസർകോട്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അവകാശവാദം ഉന്നയിച്ച് കാസർകോട്ടെ ഡിസിസിയില്‍ സോഷ്യൽ മീഡിയ പോര്. വിജയത്തിന്‍റെ അവകാശം നേടിയെടുക്കാനുള്ള ശ്രമം പല തുറന്ന് പറച്ചിലുകളിലേക്കും നയിക്കുമെന്ന് സംഭവത്തിൽ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. കാസര്‍കോട് ഡിസിസി പ്രസിഡന്‍റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് നവ മാധ്യമങ്ങളില്‍ ഏറ്റുമുട്ടുന്നത്.
കാസർകോട് ഡിസിസിയില്‍ സോഷ്യൽ മീഡിയ പോര്; പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ഡിസിസി പ്രസിഡന്‍റിനെ ലക്ഷ്യമിട്ട് ഒരു വിഭാഗം രംഗത്തെത്തി. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് നോയല്‍ ജോസഫിനെ ലക്ഷ്യമിട്ടാണ് എതിര്‍ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും കാസർകോട് ഡിസിസിയിൽ തുടരുകയാണ്. ഡിസിസി പ്രസിഡന്‍റിനെ ലക്ഷ്യമിട്ടാണ് ഒരു വിഭാഗത്തിന്‍റെ നീക്കമെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഉണ്ണിത്താന്‍റെ സന്തത സഹചാരിയായിരുന്ന കെഎസ്‌യു ജില്ല പ്രസിഡന്‍റ് നോയല്‍ ജോസഫിനെ മുന്‍ നിര്‍ത്തിയാണ് എതിര്‍ ചേരി രംഗത്തുള്ളത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പാര്‍ലമെന്‍റ് സമ്മേളനത്തിനായി ഡല്‍ഹിയില്‍ എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പാര്‍ട്ടിയില്‍ നടക്കുന്ന ശീതസമരത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. മണ്ഡലത്തിലെ തന്‍റെ വിജയത്തിന്‍റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ പലതും തുറന്ന് പറയേണ്ടിവരുമെന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഉണ്ണിത്താന്‍ മുന്നറിയിപ്പ് നല്‍കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജില്ലാ നേതൃത്വത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നതെന്ന് ഡിസിസി പ്രസിഡന്‍റിനെ എതിര്‍ക്കുന്നവര്‍ വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞ ദിവസം കാസർകോട്ടെത്തിയ കെപിസിസി അധ്യക്ഷന്‍ ഡിസിസി പ്രസിഡന്‍റിന്‍റെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തിയത് സോഷ്യൽ മീഡിയ പോരിന് കാരണമായതായാണ് വിലയിരുത്തുന്നത്.