കാസർകോട് :കൊവിഡ് മഹാമാരിയും അതിനെ പ്രതിരോധിച്ച ജനതയും നാളെ ചരിത്രമാകുമ്പോള്‍ വരും തലമുറയിലേക്കും വിവരങ്ങൾ പകര്‍ത്താന്‍ ആല്‍ബമൊരുക്കിയിരിക്കുകയാണ് കാസര്‍കോട് ചീമേനിയിലെ മധു.
2019ല്‍ ചൈനയിലെ വുഹാനില്‍ കൊവിഡിന്‍റെ വ്യാപനം ആരംഭിച്ചത് മുതലുള്ള പ്രധാന സംഭവ വികാസങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചാണ് മധുവിന്‍റെ ആല്‍ബം.
ചീമേനി സര്‍വീസ് സഹകരണ ബാങ്കിന്‍റെ പുലിയന്നൂര്‍ ശാഖ മാനേജരുടെ ചുമതല വഹിക്കുന്ന മധു ചീമേനി 1990ലാണ് ആദ്യമായി ആല്‍ബം ഉണ്ടാക്കിയത്. ഗള്‍ഫ് യുദ്ധവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശേഖരിച്ചായിരുന്നു തുടക്കം.
ഗള്‍ഫ് യുദ്ധം മുതല്‍ കൊവിഡ് വരെ 12 ആല്‍ബങ്ങള്‍ ഇപ്പോള്‍ ലോകത്തെ വിറപ്പിച്ച കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള ആല്‍ബത്തിന്‍റെ പണിപ്പുരയിലാണ് മധു. വരും തലമുറയ്ക്ക് റഫറന്‍സ് ഗ്രന്ഥം ഒരുക്കാനാണ് മധുവിന്‍റെ ശ്രമം.
ഇന്ത്യയിലെ കൊവിഡ് വ്യാപന ആരംഭം, അനന്തരഫലമായി നടന്ന ലോക്ക്ഡൗണ്‍, ഉത്തരേന്ത്യയില്‍ നടന്ന കൊവിഡ് മരണങ്ങള്‍ തുടങ്ങി അയ്യായിരത്തില്‍ പരം വാര്‍ത്തകള്‍ ഇതിനായി ശേഖരിച്ചിട്ടുണ്ട്.
ലക്ഷ്യം, സമഗ്ര വിവരശേഖരണം
200 പേജുള്ള ഒരു ആല്‍ബം പൂര്‍ത്തിയാകും മുമ്പ് തന്നെ മധുവിനെയും വൈറസ് പിടികൂടിയിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ മധു രണ്ടാമത്തെ ആല്‍ബമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
കൊവിഡ് മാഹാമാരി ഈ ലോകത്തുനിന്ന് തുടച്ചുനീക്കുന്നതുവരെയുള്ള വാര്‍ത്തകള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ ആല്‍ബം തയ്യാറാക്കുകയാണ് ലക്ഷ്യം.
Also Read:ഓട്ടോ ഒന്നിന് മൂന്ന് ലിറ്റർ സൗജന്യം ; ഇന്ധനവില കുതിക്കുമ്പോള്‍ ഡ്രൈവര്‍മാരെ തുണച്ച് പമ്പുടമ
ലഭ്യമാകുന്ന മലയാളത്തിലെ മിക്ക ദിന പത്രങ്ങളും ആല്‍ബത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. വായിച്ചുകഴിഞ്ഞാല്‍ പിന്നെ വെറും കടലാസായി മാത്രം പത്രങ്ങളെ ഉപയോഗിക്കുന്ന ശീലമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍, അത്തരം മറവികളെ കൂട്ടിയോജിപ്പിച്ച് വരും തലമുറയ്ക്ക് പഠനവിഷയമാക്കാനുള്ള ഗ്രന്ഥമാക്കി മാറ്റാനാണ് ശ്രമമെന്ന് മധു പറയുന്നു.
ഗൾഫ് യുദ്ധം മുതൽ സഖാവ് വി.എസ് വരെ, ആൽബങ്ങൾ പലതരം
1990ല്‍ കാസര്‍കോട് ഗവൺമെന്‍റ് കോളജില്‍ പഠിക്കുമ്പോഴാണ് ഗള്‍ഫ് യുദ്ധ ആല്‍ബം തയ്യാറാക്കിയത്. യുദ്ധ ഉപകരണങ്ങള്‍, വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം, പാലസ്‌തീന്‍ ആക്രമണം തുടങ്ങി സദ്ദാം ഹുസൈന്‍റെ മരണം എന്നിവയടക്കം 12 ആല്‍ബങ്ങളാണ് ഇതുവരെ തയ്യാറാക്കിയത്. ഇതിനായി ഒരു ലക്ഷത്തിലധികം വാര്‍ത്തകളുടെ ശേഖരമുണ്ടാക്കിയെടുത്തിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാനന്ദനെ സംബന്ധിക്കുന്ന രാഷ്ട്രീയ വാര്‍ത്തകള്‍ ശേഖരിച്ചും ആല്‍ബം ഒരുക്കി. ഈ വിജ്ഞാന ശേഖരത്തിന് ഈവര്‍ഷത്തെ അംബേദ്‌കര്‍ ദേശീയ പുരസ്‌കാരവും മധുവിനെ തേടിയെത്തി.
തന്‍റെ ആല്‍ബങ്ങള്‍ ചരിത്ര വിദ്യാര്‍ഥികള്‍ക്കുള്ള റഫറന്‍സ് ഗ്രന്ഥമായി ഏറ്റെടുക്കാന്‍ ഏതെങ്കിലും ഏജന്‍സിക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് മധു.