കാസർകോട് ഉയർന്ന രോഗമുക്തി നിരക്ക്; 31 പേര്‍ രോഗമുക്തര്‍ - kasargod covid cases
ജില്ലയിൽ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ വിദേശത്ത് നിന്നും വന്നവരും ഒരാൾ ബെംഗളുരുവിൽ നിന്ന് വന്നയാളുമാണ്.
കാസര്‍കോട്:മൂന്നാം ഘട്ട കൊവിഡ് വ്യാപനത്തിനിടെ ആദ്യമായി കാസർകോട് ഉയർന്ന രോഗമുക്തി നിരക്ക്. 31 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. ജില്ലയിൽ ഇന്ന് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ വിദേശത്ത് നിന്നും വന്നവരും ഒരാൾ ബെംഗളുരുവിൽ നിന്ന് വന്നയാളുമാണ്. ദുബായില്‍ നിന്നെത്തിയ ചെമ്മനാട്, കാസര്‍കോട് നഗരസഭ, ഉദുമ സ്വദേശികൾക്കും കുവൈത്തില്‍ നിന്ന് ബേഡഡുക്ക സ്വദേശിക്കും ബെംഗളൂരുവിൽ നിന്ന് വന്ന ചെങ്കള സ്വദേശിയ്ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മടിക്കൈ, പുല്ലൂര്‍ പെരിയ, ചെങ്കള, ചെമ്മനാട്, ഉദുമ, മംഗല്‍പാടി (രണ്ട്) മഞ്ചേശ്വരം സ്വദേശികളും പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് മംഗല്‍പാടി(രണ്ട്), നീലേശ്വരം നഗരസഭാ (രണ്ട്), ചെറൂവത്തൂര്‍(രണ്ട്), ഈസ്റ്റ് എളേരി, ബളാല്‍, തൃക്കരിപ്പൂര്‍ സ്വദേശികളും രോഗമുക്തരായി. ഉദയഗിരി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് പൈവളിഗെ, കാസര്‍കോട് നഗരസഭാ, മൊഗ്രാല്‍പുത്തൂര്‍, ചെറുവത്തൂര്‍, പടന്ന, പളളിക്കര സ്വദേശികളും പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മീഞ്ച, കുമ്പള (മൂന്ന്), പളളിക്കര, വലിയപറമ്പ, മഞ്ചേശ്വരം, മധൂര്‍ സ്വദേശികളും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.
വീടുകളില്‍ 6,742 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 355 പേരുമുള്‍പ്പെടെ 7,097 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
പുതിയതായി 441 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 254 പേരുടെ സാമ്പിളുകള്‍ പരിേശാധനയ്ക്ക് അയച്ചു. 582 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 545 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.