കാസർകോട്: ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർ നിർബന്ധമായും ജോലിക്കെത്തണം എന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പണിമുടക്കിന്‍റെ രണ്ടാം ദിനത്തിൽ കലക്‌ടറേറ്റിൽ അടക്കം ജോലിക്കെത്തിയത് വളരെ കുറച്ച് ജീവനക്കാർ മാത്രം. കാസർകോട് കലക്‌ടറേറ്റിൽ ആകെയുള്ള 145 ജീവനക്കാരിൽ ചൊവ്വാഴ്‌ച ഹാജരായത് 17 പേർ മാത്രം. 5 പേർ ലീവിലാണ്.
പണിമുടക്കിന്‍റെ ആദ്യദിനം ഏഴുപേർ മാത്രമാണ് ഹാജരായത്. മഞ്ചേശ്വരം താലൂക്ക് ഓഫിസിൽ ആകെയുള്ള 61 ജീവനക്കാരിൽ 10 പേർ മാത്രമാണ് ജോലിക്കെത്തിയത്. കാസർകോട് താലൂക്ക് ഓഫിസിലെ 71 പേരിൽ 8 ജോലിക്കെത്തി.
വെള്ളരിക്കുണ്ട് താലൂക്കിൽ ആകെ 59 ജീവനക്കാരിൽ 2 പേർ മാത്രമാണ് എത്തിയത്. ഹോസ്‌ദുർഗ് താലൂക്ക് ഓഫിസിൽ ആകെയുള്ള 64 ജീവനക്കാരിൽ ഹാജരായത് മൂന്നുപേർ മാത്രമാണ്.
പെട്രോൾ പമ്പുകൾ അടപ്പിച്ചതിൽ പരാതി: ജില്ലയിൽ പെട്രോൾ പമ്പുകൾ അടപ്പിച്ചതിൽ പരാതിയുമായി പമ്പുടമകൾ. പൊലീസ് സുരക്ഷ നൽകണമെന്ന് ജില്ല കലക്‌ടറോട് പമ്പുടമകൾ ആവശ്യപ്പെട്ടു. പരാതിയുടെ അടിസാഥാനത്തിൽ പമ്പുകൾക്ക് പൊലീസ് സുരക്ഷ നൽകാൻ ജില്ല പൊലീസ് മേധാവിക്ക് കലക്‌ടർ നിർദേശം നൽകി. 48 മണിക്കൂർ അടച്ചിട്ട് മുന്നോട്ടുപോവാൻ സാധിക്കില്ലെന്നും വൈകിട്ടോടെ പമ്പുകൾ തുറക്കുമെന്നും ഉടമകൾ പറയുന്നു.
Also Read: ഡയസ്നോൺ അവഗണിച്ച് സര്‍ക്കാര്‍ ജീവനക്കാർ; ഓഫിസുകളിൽ ഹാജർ നില ഇന്നും താഴ്ന്നു തന്നെ