കാസർകോട്: പാണത്തൂർ പരിയാരത്ത് നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് രണ്ട് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. സുള്ള്യ, പുത്തൂര്‍ സ്വദേശികളായ രാജേഷ്, രവി ചന്ദ്രൻ, സുമതി, ജയലക്ഷ്മി, ശ്രേയസ്സ്, ആദർശ് എന്നിവർ അടക്കം ഏഴ് പേരാണ് മരിച്ചത്. എട്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിവാഹ ചടങ്ങിന് കല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന കര്‍ണാടകയിലെ സുള്ള്യ സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് റോഡരികിലെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കി. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 29 പേരിൽ എട്ട് പേരെ പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിലേക്കും എട്ട് പേരെ മംഗളൂരുവിലേക്കും മാറ്റി. മരിച്ചവരിൽ ഒരാളുടെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും അഞ്ച് പേരുടെ മൃതദേഹം പൂടം കല്ല് താലൂക്ക് ആശുപത്രിയിലുമാണുള്ളത്. മംഗലാപുരത്തേക്ക് ചികിത്സക്കായി മാറ്റിയവരിൽ ഒരാളുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
അപകടത്തിൽ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അനുശോചിച്ചു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായും അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിർദേശം നൽകിയതായും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. അതേ സമയം പാണത്തൂർ ബസ് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കാഞ്ഞങ്ങാട് സബ് കലക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാൻ എല്ലാ സംവിധാനങ്ങളും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പുടങ്കല്ല് താലൂക്ക് ആശുപത്രിയിലും ഒരുക്കിയതായി റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്. അപകടത്തിൽ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അനുശോചനം രേഖപ്പെടുത്തി.