കാസർകോട്: കർണാടകയുടെ അതിർത്തി റോഡുകൾ കേരളം മണ്ണിട്ട് അടച്ചു. നേരത്തെ അടച്ച വഴികൾ കർണാടക തുറന്നതിന് പിന്നാലെയാണ് കേരളത്തിന്‍റെ നടപടി. ജാൽസൂർ അതിർത്തിയിലെ മുഡൂർ, ഈശ്വരമംഗല, വിട്‌ല അതിർത്തിയിലെ ബായാർ തുടങ്ങിയ ഇടങ്ങളിലെ ചെറിയ വഴികള്‍ ഉൾപ്പെടെയുള്ള 29 റോഡുകളാണ് കേരളം മണ്ണിട്ടടച്ചത്. കർണാടക അടച്ച ഈ റോഡുകൾ പൂർവസ്ഥിതിയിലാക്കിയതിന് പിന്നാലെയാണ് കേരളം മണ്ണിട്ട് ഗതാഗതം തടഞ്ഞത്.
കർണാടക അതിർത്തി റോഡുകൾ മണ്ണിട്ട് അടച്ച് കേരളം - kerala karnataka border closed
ജാൽസൂർ അതിർത്തിയിലെ മുഡൂർ, ഈശ്വരമംഗല, വിട്‌ല അതിർത്തിയിലെ ബായാർ തുടങ്ങിയ ഇടങ്ങളിലെ ചെറിയ വഴികള്‍ ഉൾപ്പെടെയുള്ള 29 റോഡുകളാണ് കേരളം മണ്ണിട്ടടച്ചത്
കൊവിഡ് വ്യാപനത്തിന്‍റെ തുടക്കത്തിൽ കാസർകോട് രോഗ ബാധിതർ ഉയർന്നപ്പോൾ അതിർത്തി റോഡുകളെല്ലാം കർണാടക മണ്ണിട്ടടച്ചത് ഏറെ വിവാദമായിരുന്നു. അടിയന്തര ചികിത്സക്ക് ഉൾപ്പെടെ പോകാൻ കഴിയാതെ 13ല്‍ അധികം മരണമാണ് കേരളത്തില്‍ സംഭവിച്ചത്. എന്നിട്ടും അതിർത്തി റോഡ് തുറക്കാൻ കർണാടക തയ്യാറായില്ല. കാസർകോട് കൊവിഡ് കേസുകൾ കുറഞ്ഞതോടെ ചിലയിടങ്ങളിലെ ഗതാഗത തടസവും നീക്കി. ഇത് വഴി നിയന്ത്രണങ്ങളില്ലാതെ അന്തർ സംസ്ഥാന യാത്ര സുഗമമായതോടെയാണ് കേരളത്തിന്‍റെ ഇടപെടലുണ്ടായത്. വഴിയടഞ്ഞതോടെ സാധനങ്ങളുമായെത്തുന്ന വാഹനങ്ങളടക്കം അതിർത്തിയിൽ വച്ച് മറ്റു വാഹനങ്ങളിലേക്ക് സാധനം മാറ്റുകയാണ് ചെയ്യുന്നത്. അന്തർ സംസ്ഥാന യാത്രകൾക്കടക്കം ഇളവുകൾ ഉണ്ടാകുന്ന ഘട്ടത്തിൽ കർണാടക മാതൃകയിൽ കേരളവും ഗതാഗതം തടഞ്ഞത് വിവാദമായി. അതേസമയം ദക്ഷിണ കർണാടകയിൽ കൊവിഡ് പടരുന്ന സാഹചര്യത്തിൽ പാതകൾ തുറന്നത് മുതലാക്കി അനിയന്ത്രിതമായി ആളുകൾ അതിർത്തി കടക്കുന്നത് തടയാനാണ് നടപടിയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.