കാസര്‍കോട് :തലക്ലായി സ്വദേശിനി അഞ്ജുശ്രീ(19)യുടെ മരണത്തിൽ ദുരൂഹതയേറുന്നു. ജനുവരി അഞ്ചിന് അഞ്ജുശ്രീയില്‍ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ വിഷാംശം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ദേളിയിലെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ജനുവരി ഏഴിനാണ് അഞ്ജുശ്രീയുടെ നില ഗുരുതരമാകുന്നതും പിന്നീട് മരണം സംഭവിക്കുന്നതും. ഈ സാഹചര്യത്തില്‍ ഈ രണ്ട് ദിവസത്തിനുള്ളിൽ എന്ത് സംഭവിച്ചുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഞ്ജുശ്രീ
യുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.
രക്തപരിശോധന റിപ്പോര്‍ട്ട് ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നത് എന്ന് അറിയണമെങ്കിൽ രാസപരിശോധനാഫലം കൂടി പുറത്തുവരേണ്ടതുണ്ട്. പത്തൊന്‍പതുകാരിയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലമാകും നിർണായകമാവുക. അതേസമയം അഞ്ജുശ്രീയുടെ മരണത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
കാസർകോട് സ്വദേശിനി അഞ്ജുശ്രീ പാർവതി(19) ശനിയാഴ്ച രാവിലെയാണ് മരിച്ചത്.മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിനിയായിരുന്നു. ക്രിസ്‌മസ്-പുതുവത്സര അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു അന്ത്യം.