കാസര്‍കോട്: മരണാനന്തര ചടങ്ങുകളും വിവാഹങ്ങളും ജില്ലയില്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത സമ്പർക്ക രോഗബാധിതരുടെ എണ്ണത്തിലെ വർദ്ധനവുണ്ടായിട്ടുണ്ട്. സമ്പർക്ക കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ വിവാഹവും മരണാനന്തര ചടങ്ങുകളും നടത്താവൂ. ഈ നിർദ്ദേശം അവഗണിക്കുകയാണെന്നതിന്‍റെ തെളിവാണ് സമ്പര്‍ക്ക കേസുകള്‍ ഉയരുന്നതെന്നും ആരോഗ്യവകുപ്പ് പറഞ്ഞു.
കാസര്‍കോട് വീണ്ടും കൊവിഡ് വ്യാപനം; മരണനിരക്ക് ഉയരുമെന്ന് ആശങ്ക - കൊവിഡ് 19 വാര്‍ത്ത
ജില്ലയില്‍ സമ്പർക്ക കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ
ജില്ലയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന്‍റെ ഭാഗമായി പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുകയാണ്. ചെങ്കള പഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 46 പേർക്കും മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 49 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ചെമ്മനാട് പഞ്ചായത്തിൽ വിവാഹചടങ്ങിൽ പങ്കെടുത്ത 21 പേർക്കും കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടു. തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒരു വിവാഹവുമായി ബന്ധപ്പെട്ട 10 ഓളം പേർക്ക് രോഗം സ്വീകരിക്കപ്പെട്ടു. ഇവിടെ പുതിയ ക്ലസ്റ്റർ രൂപപ്പെടുമെന്ന ആശങ്ക ഉയരുന്നുണ്ട്.
രണ്ടാഴ്ചക്കിടയിൽ അഞ്ച് കൊവിഡ് മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കൊവിഡ് മാനദണ്ഡപ്രകാരം നിർദ്ദേശിക്കപ്പെട്ട ആൾക്കാരെ ഉൾപ്പെടുത്തി മാത്രം വിവാഹ ചടങ്ങുകൾ നടത്താനും അത് മുൻകൂട്ടി ആരോഗ്യ വകുപ്പിനെ അറിയിക്കാനും എല്ലാവരും തയ്യാറാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാമദാസ് പറഞ്ഞു.