കാസർകോട്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാന്‍റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. പിടിയിലായ ഒന്നാം പ്രതി ഇർഷാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ പ്രതിക്ക് ചികിത്സ നൽകാൻ കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇർഷാദിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതെ സമയം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത ഇസഹാക്കിന് കൃത്യത്തിൽ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച രാത്രി ബൈക്കിൽ യാത്രചെയ്യുകയായിരുന്ന അബ്ദുൾ റഹ്മാനെ നെഞ്ചിൽ കുത്തി വീഴ്ത്തിയത് താനാണെന്ന് ഇർഷാദ് സമ്മതിച്ചു. സംഘർഷത്തിൽ പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇർഷാദിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് കുറ്റസമ്മത മൊഴി ലഭിച്ചത്.
കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം: ഇർഷാദിനെ റിമാൻഡ് ചെയ്തു - കാഞ്ഞങ്ങാട് വാർത്തകൾ
റഹ്മാനെ കുത്തി കൊലപ്പെടുത്തിയത് ഇർഷാദാണെന്ന് പൊലീസ്. ഇർഷാദ് യൂത്ത് ലീഗ് മുനിസിപ്പിൽ സെക്രട്ടറിയാണ്. അബ്ദുൾ റഹ്മാനെ കുത്തിയത് താനാണെന്ന് ഇർഷാദ് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
നെഞ്ചിൽ ആഴത്തിലേറ്റ മുറിവിനെ തുടർന്ന് ഹൃദയ ധമനി തകർന്നതാണ് അബ്ദുൽ റഹ്മാൻ മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. കുത്തേറ്റ റഹ്മാൻ സംഭവ സ്ഥലത്ത് തന്നെ ചോര വാർന്ന് മരണപ്പെടുകയായിരുന്നു. വേഗത്തിൽ രക്തം വാർന്നതാണ് മരണ കാരണം എന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. ഇർഷാദിനു പുറമെ എംഎസ്എഫ് മുനിസിപ്പൽ പ്രസിഡന്‍റ് ഹസ്സനും യൂത്ത് ലീഗ് പ്രവർത്തകനായ ആഷിറും കൊലപാതകത്തിൽ പങ്കാളികളാണ്. കസ്റ്റഡിയിൽ ഉള്ള ഇസഹാക്കിന് കൊലപാതകത്തിൽ പങ്കില്ലെന്ന് തെളിഞ്ഞാൽ മാപ്പു സാക്ഷിയാക്കാനാണ് സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പിനെ തുടർന്ന് കല്ലൂരാവിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ അനിഷ്ട സംഭവങ്ങളാണ് റഹ്മാന്‍റെ കൊലയ്ക്ക് കാരണമായി പൊലീസ് പറയുന്നത്.
ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം നില നിന്നിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നാലെ ലീഗിന് ഇതിൽ പങ്കില്ലെന്ന വാദമാണ് നേതൃത്വം ഉയർത്തിയത്. കേസിൽ പിടിയിലായവരെല്ലാം സജീവ പ്രവർത്തകരും അണികളുമാവുമ്പോൾ കൊലയിൽ പങ്കില്ലെന്ന മുസ്ലിം ലീഗിന്‍റെ വാദങ്ങൾ പൊളിയുകയാണ്. പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയാക്കി വിശദമായ ചോദ്യം ചെയ്താലേ കൊലപാതകത്തിനു പിന്നിലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.