മുസ്‌ലിം ലീഗിന്‍റെ ഏറ്റവും ശക്തമായ കോട്ട. കർണാടക അതിർത്തിയോട് ചേർന്നു കിടക്കുന്നതിനാൽ ഭാഷ ന്യൂന പക്ഷങ്ങൾക്ക് ഏറെ സ്വാധീനമുള്ള പ്രദേശം. കാസർകോട് മണ്ഡലം എന്നും യുഡിഎഫിന് ഒപ്പം നില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. രാഷ്ട്രീയ ഗതിമാറ്റം കാസർകോടിനെയും സ്വാധീനിച്ചു തുടങ്ങിയപ്പോൾ ബിജെപിക്കും ശക്തമായ വേരോട്ടമുള്ള മണ്ണായി കാസർകോട് മാറുകയാണ്.
മണ്ഡലത്തിന്‍റെ ചരിത്രം
1957 ൽ തുടങ്ങുന്നു കാസർകോടിന്‍റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രം. ആദ്യ രണ്ട് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പം. അതിനു ശേഷം മൂന്ന് സ്വതന്ത്രരെ നിയമസഭയിലേക്ക് അയച്ചു. പക്ഷേ 1970ല്‍ മുസ്ലീംലീഗിനൊപ്പം മനസ് ചേർത്ത കാസർകോട് പിന്നീടൊരിക്കലും ആ രാഷ്ട്രീയത്തില്‍ നിന്ന് മാറി ചിന്തിച്ചിട്ടില്ല. 1980 മുതല്‍ ഏഴ് തവണ മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച സിടി അഹമ്മദ് അലി കാസർകോടിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ജയിച്ച എംഎല്‍എയാണ്. സിടി അഹമ്മദ് അലിക്ക് ശേഷം 2011ല്‍ മുസ്ലിംലീഗ് നേതാവ് എൻഎ നെല്ലിക്കുന്ന് കാസർകോടിന്‍റെ എംഎല്‍എയായി. 2016ലും നെല്ലിക്കുന്ന് തന്നെയായിരുന്നു കാസർകോടിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
കാസർകോഡ് മുനിസിപ്പാലിറ്റിക്കൊപ്പം മൊഗ്രാൽ പുത്തൂർ, മധൂർ, ബദിയഡുക്ക, കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക, എന്നി പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കാസർകോഡ് നിയമസഭാമണ്ഡലം.
കർണാടക അതിർത്തിയോട് ചേർന്നു നിൽക്കുന്ന മണ്ഡലത്തിൽ, അടിസ്ഥാന വികസന ചർച്ചകൾക്കൊപ്പം ഭാഷ ന്യൂനപക്ഷങ്ങൾക്കും, പ്രാദേശിക വാദങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്.
കാസർകോടൻ ലീഗ് കോട്ടയില്‍ താമര വിരിയുമോ? ലീഗിനൊപ്പം ബിജെപിക്കും വലിയ വേരോട്ടമുള്ള പ്രദേശമാണ് കാസർകോഡ് നിയമസഭ മണ്ഡലം. ഇതുവരെ താമര വിരിയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും 1982 മുതൽ രണ്ടാം സ്ഥാനം ബിജെപി മറ്റാർക്കും നൽകിയിട്ടില്ല. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ബിജെപി ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കാസർകോട്.
നിലവിൽ മണ്ഡലത്തിലെ കാസർകോട് നഗരസഭ ഭരണവും, നാല് പഞ്ചായത്തുകളും യുഡിഎഫിനൊപ്പമാണ്. മൂന്ന് പഞ്ചായത്തുകൾ ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ ഭരിക്കുന്നു. അതേസമയം മണ്ഡലത്തിന്‍റെ രൂപീകരണം മുതല്‍ മൂന്നാം സ്ഥാനത്താണ് ഇടതുപാർട്ടികൾ. ഐ.എൻ.എൽ, സിപിഎം, സിപിഐ എന്നി പാർട്ടികൾ സ്ഥാനാർഥികളെ മാറി മാറി പരീക്ഷിച്ചെങ്കിലും, കാസർകോടിന്‍റെ മനസ് വലതുപക്ഷത്ത് തന്നെയാണ്.
കാസർകോട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ശതമാനത്തിൽ