കാസർകോട് :ബസിൽ യാത്ര ചെയ്യുമ്പോൾ ഇനി പണം കൈയിൽ കരുതേണ്ട. കാസർകോട്ടെ ബസ് യാത്ര ഇനിമുതൽ ഡിജിറ്റലാണ്. ബസ് ടിക്കറ്റിന് പകരം ഉപയോഗിക്കാവുന്ന ചലോ ട്രാവൽ കാർഡ് സേവനമാണ് ജില്ലയിൽ ആരംഭിച്ചിരിക്കുന്നത്. കാസർകോട്ടെ 95 ബസുകളിലാണ് സേവനം ലഭ്യമാവുക. ഇതിനോടകം 70ഓളം ബസുകളിൽ ടാപ്പ് ടു പേ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള സൗകര്യം ഒരുങ്ങിക്കഴിഞ്ഞു.
30 രൂപയാണ് കാർഡ് വില. 10 രൂപ മുതൽ 3,000 രൂപ വരെ റീചാർജ് ചെയ്യാവുന്നതാണ്. റീചാർജ് ചെയ്ത് വാലറ്റായോ പ്രതിമാസ യാത്രാ പാസായോ കാർഡ് ഉപയോഗിക്കാം. വിദ്യാർഥികൾ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്ക് ദിവസവും ടിക്കറ്റ് എടുക്കാനുള്ള ബുദ്ധിമുട്ടും ഇതിലൂടെ ഒഴിവാകുന്നു. ചില്ലറ ക്ഷാമവും ഇനി ഉണ്ടാകില്ല. ചലോ ട്രാവൽ കാർഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കണ്ടക്‌ടർമാരും പറയുന്നു.