കാസർകോട്: ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും കൊവിഡ് മുക്തി നേടി. മെഡിക്കൽ കോളജ് കൊവിഡ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ചെങ്കള സ്വദേശിയാണ് വീട്ടിലേക്ക് മടങ്ങിയത്. രണ്ടാം ഘട്ടത്തിലെ രോഗവ്യാപനം തുടങ്ങി 56 ദിവസം കഴിയുമ്പോഴാണ് ജില്ല കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടിയത്. വുഹാനിൽ നിന്നും വന്ന എംബിബിഎസ് വിദ്യാര്‍ഥിയടക്കം 178 കൊവിഡ് ബാധിതരാണ് കാസർകോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്നത്. മെയ് മാസത്തിൽ ഇതുവരെയും ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്തത് ജില്ലയ്‌ക്ക് ആശ്വാസം പകരുന്നു.
178 പേരില്‍ അവസാന രോഗിയും മടങ്ങി; കാസര്‍കോട് കൊവിഡ് മുക്തം
മെയ് മാസത്തിൽ ഇതുവരെയും ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്തത് ജില്ലയ്‌ക്ക് ആശ്വാസം പകരുന്നു.
ആലപ്പുഴ ലാബിലെ പരിശോധനയും ജില്ലാ, ജനറൽ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങളുമായാണ് ജില്ലയുടെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങുന്നത്. മാർച്ച് 16ന് ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ അനുദിനം കൂടുതൽ പോസിറ്റീവ് കേസുകൾ വന്നതോടെ കാസർകോട് സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടായി. ഇതിന് പിന്നാലെ സംസ്ഥാനത്ത് ആദ്യമായി കാസർകോട് ജനറൽ ആശുപത്രിയെ പൂർണമായും കൊവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചു. ഇവിടുത്തെ ഒപിയടക്കം മറ്റു ചികിത്സകൾക്ക് പകരം സംവിധാനം കണ്ടെത്തിയതോടെ പ്രതിരോധപ്രവർത്തനങ്ങൾക്ക് വേഗം കൂടി. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ഉക്കിനടുക്കയിൽ പണി പൂർത്തിയായ കാസർകോട് മെഡിക്കൽ കോളജിന്‍റെ അക്കാദമിക് ബ്ലോക്ക് കൊവിഡ് ആശുപത്രിയാക്കുകയും ഐസിയു അടക്കമുള്ള മറ്റ് സൗകര്യങ്ങളേർപ്പെടുത്തി പ്രവർത്തനം തുടങ്ങുകയും ചെയ്‌തു. ഇതിനിടയിൽ പെരിയ കേന്ദ്ര സർവകലാശാല ലാബിൽ സ്രവ പരിശോധനക്ക് ഐസിഎംആർ അംഗീകാരം ലഭിച്ചതും കൂടുതൽ കേന്ദ്രങ്ങളിൽ സ്രവങ്ങളെടുക്കാൻ തുടങ്ങിയതും പരിശോധനകൾ വേഗത്തിലാക്കാൻ സഹായിച്ചു.
മാർച്ച് 27നാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസ് ജില്ലയിൽ റിപ്പോർട്ട് ചെയ്‌തത്. ഒറ്റ ദിവസം 34 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 26 പേർ ആശുപപത്രി വിട്ട ഏപ്രിൽ 12നായിരുന്നു കൂടുതലാളുകൾ കൊവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടത്. പിന്നീടിങ്ങോട്ട് അതിവേഗം രോഗമുക്തരായവരുടെ നിരക്ക് ഉയർന്നു. ഏപ്രിൽ 16ന് 24 പേരും 20ന് 19 പേരും ആശുപത്രി വിട്ടു. ജില്ലയിൽ കൊവിഡ് ബാധിതരായ 178 ൽ 65 പേർക്കും സമ്പർക്കം വഴിയാണ് രോഗം പിടിപ്പെട്ടത്. സമൂഹ വ്യാപന ആശങ്കകൾ ഉയർന്നതോടെ രാജ്യത്ത് ആദ്യമായി സമൂഹ സർവേ നടത്തിയതും ജില്ലയുടെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ നേട്ടമായി. കൂടുതൽ പ്രവാസികൾ മടങ്ങിയെത്തുമ്പോൾ അതിജീവനത്തിന്‍റെ പ്രായോഗിക പാഠമാണ് കാസർകോട്ടെ ആരോഗ്യമേഖലക്ക് കൈമുതലായുള്ളത്.