മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്, ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ. സുരേന്ദ്രൻ പിൻവലിച്ചു. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്ന അബ്ദുൽ റസാഖിന്‍റെ വിജയം കളളവോട്ടിലൂടെയാണെന്ന് കാണിച്ച് നൽകിയ കേസാണ് സുരേന്ദ്രൻ പിൻവലിച്ചത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടുകള്‍ക്കായിരുന്നു അബ്ദുള്‍ റസാഖിന്‍റെ വിജയം.കെ. സുരേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്. എന്നാൽ വിജയം കള്ള വോട്ടിലൂടെയാണെന്നാരോപിച്ച് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. വിദേശത്തുളളവർ, സ്ഥലം മാറിപ്പോയവർ, മരണപ്പെട്ടവർ തുടങ്ങിയവരുടെ പേരില്‍ കളളവോട്ട് ചെയ്തെന്നായിരുന്നു ആരോപണം. കേസിൽ സാക്ഷി വിസ്താരമുള്‍പ്പെടെ പൂർത്തിയാവുകയും ചെയ്തിരുന്നു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് കെ. സുരേന്ദ്രൻ പിൻവലിച്ചു - മഞ്ചേശ്വരം തെരഞ്ഞെടുപ്പ്
വിധിയുണ്ടാകാൻ കാലതാമസമെടുക്കുമെന്നതിനാലാണ് തീരുമാനമെന്ന് കെ. സുരേന്ദ്രൻ. ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനും സാധ്യത
വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും വിധിയുണ്ടാകാൻ കാലതാമസമെടുക്കും എന്നത് കൊണ്ടാണ്കേസ് പിൻവലിക്കുന്നതെന്ന് സുരേന്ദ്രൻ പറയുന്നു. തെരഞ്ഞെടുപ്പിലൂടെ ഇതിന് തിരിച്ചടി നൽകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയെ വിവരങ്ങൾ ധരിപ്പിക്കാൻ അഭിഭാഷകരോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെയാണ് മഞ്ചേശ്വരം എംഎൽഎ യായിരുന്ന അബ്ദുള്‍ റസാഖ് അന്തരിച്ചത്.ഈ സാഹര്യത്തിൽ സുരേന്ദ്രന്‍ കേസ് പിൻവലിച്ചേക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. കേസ് ഇല്ലാതാകുന്നതോടെ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനും സാധ്യതയുണ്ട്