കാസര്‍കോട്: സ്പീക്കർ കളങ്കിതനാകുന്നത് കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേട്ടുകേൾവിയില്ലാത്ത ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്പീക്കർക്ക് എതിരായി പുറത്തുവരുന്നത്. സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍ ഒരുനിമിഷംപോലും അധികാരത്തിൽ തുടരരുതെന്നും രാജിവയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. കാസർകോട് പ്രസ് ക്ലബ്ബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌പീക്കര്‍ രാജിവയ്‌ക്കണമെന്ന് കെ. സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രന് എന്ത് അസുഖമാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രൻ
മഹത്തായ പദവിയിലിരുന്നുകൊണ്ടാണ് സ്പീക്കർ കള്ളക്കടത്തുകാരെ സഹായിച്ചത്. തൃപ്തികരമായ മറുപടി പോലും ശ്രീരാമകൃഷ്ണന് നൽകാനാവുന്നില്ലെന്നും പദവി ദുരുപയോഗപ്പെടുത്തിയെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. ചോദ്യം ചെയ്യാൻ വിളിക്കുമ്പോള്‍ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറി സി.എം രവീന്ദ്രന് എന്ത് അസുഖമാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് വ്യക്തമാക്കണം. മറച്ചുവെക്കാൻ ഒന്നുമില്ലെങ്കിൽ എന്തുകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാകുന്നില്ല. സ്വർണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുന്നത് തടയാനാണ് തുടർച്ചയായി ആശുപത്രിയിൽ കഴിയുന്നതെന്നും നിഷ്പക്ഷമായ മെഡിക്കൽ സംഘം പരിശോധന നടത്തണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ അഴിമതി തുറന്ന് കാട്ടുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു. മുസ്‌ലിം ലീഗ് കോൺഗ്രസിനെ വിഴുങ്ങിയെന്നും യുഡിഎഫ് എന്നാൽ ലീഗും ജമാഅത്തെ ഇസ്‌ലാമിയും ആയി മാറിയെന്നും സുരേന്ദ്രൻ പരിഹസിച്ചു. യുഡിഎഫിന്‍റെ മതേതര സ്വഭാവം പോയി. ലീഗിന്‍റെ അടിമകളായി കോൺഗ്രസ് മാറി. ലീഗിന്‍റെ ദയവായ്പിലാണ് കോൺഗ്രസ് നിലനിൽക്കുന്നതെന്നും വടക്കൻ കേരളത്തിൽ കോൺഗ്രസ് അപ്രസക്തമായി എന്നും കെ. സുരേന്ദ്രൻ പറഞ്ഞു.