കാസര്‍കോട്:സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും കേരളം വിട്ടത് മുഖ്യമന്ത്രിയുടെയും കേരള പൊലീസിന്‍റെയും ഒത്താശയോടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പ്രതികള്‍ എങ്ങനെ ബെംഗളൂരുവിലെത്തിയെന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബെംഗളൂരുവിലേക്കുള്ള ചെക്ക് പോസ്റ്റുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് അതിന് തയ്യാറായിട്ടില്ല.
സ്വപ്‌നയും സന്ദീപും കേരളം വിട്ടത് മുഖ്യമന്ത്രിയുടെ ഒത്താശയോടെയെന്ന് കെ. സുരേന്ദ്രന്‍ - kerala news
ബെംഗളൂരുവിലേക്കുള്ള ചെക്ക് പോസ്റ്റുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് അതിന് തയ്യാറായിട്ടില്ല.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ജീവനക്കാര്‍ക്ക് ഈ കേസുമായുള്ള പങ്കാളിത്തത്തെകുറിച്ച് പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. എന്തുകൊണ്ടാണ് ഇത് സംബന്ധിച്ച് ഒരു അന്വേഷണത്തിന് ഉത്തരവിടാന്‍ തയ്യാറാവാത്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണ് ഈ സ്വര്‍ണക്കടത്ത് നടന്നിരിക്കുന്നത്. തുടര്‍ച്ചയായ കള്ളക്കടത്ത് നടത്താന്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്‌തിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രതിപക്ഷത്തെ ആക്രമിച്ച് താറടിക്കുന്ന രീതിയാണ് മുഖ്യമന്ത്രിയുടേതെന്നും അത് വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് സമീപമാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതെന്നും കര്‍ണാടകയില്‍ അവരെ സിപിഎം നേതാക്കള്‍ സാഹായിച്ചെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. സിപിഎമ്മും മുസ്ലീം ലീഗും തമ്മില്‍ എല്ലാ കാലത്തും ഒരു അവിഹിത സൗഹൃദമുണ്ടെന്നും ലീഗിന്‍റെ കള്ളക്കടത്തിന് ഒത്താശ നില്‍ക്കുന്നത് സിപിഎമ്മാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.