കാസർകോഡ് പെരിയ ഇരട്ടക്കൊലപാതകത്തിന്‍റെ അന്വേഷണം ഗതിമാറുകയാണെന്നും ഇപ്പോൾ പിടിയിലായവർ മാത്രമാണ് കൊലപാതകത്തിനു പിന്നിലുള്ളതെന്ന് വിശ്വസിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സിപിഎം നേതാവ് ശാസ്താ ഗംഗാധരന്‍റെ വീടിനടുത്താണ് കൊല നടന്നത്. എന്നാൽ ഇന്നേവരെ അയാളോട് ഒരു ചോദ്യം പോലും ചോദിക്കാൻ പൊലീസിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല നടന്ന ശേഷം എസ്പി കൊലപാതകത്തിൽ പുറത്തുനിന്നുള്ളവർക്ക് പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേസിന്‍റെ ഗതി മാറുകയാണ്. നഷ്ടപ്പെട്ടത് ഞങ്ങളുടെ രണ്ട് ചെറുപ്പക്കാരാണ്. പൊലീസ് കേസിനെ നിസ്സാരമായി അന്വേഷിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അറസ്റ്റിലായവർ മാത്രമാണ് കൊലപ്പെടുത്തിയത് എന്ന് വിശ്വസിക്കുന്നില്ല. കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഒരാളെ പോലും ഇന്നേ വരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ഭീഷണി പ്രസംഗം നടത്തിയ മുസ്തഫയെയും കൈവെട്ടുമെന്ന് പറഞ്ഞ കുഞ്ഞിരാമനെയും ചോദ്യം ചെയ്യാത്തത് കേസിന്‍റെ അന്വേഷണം ഗതിമാറിയതിന്‍റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.