കാസര്‍കോട്: കാലമേറെ മുന്നോട്ട് പോയെങ്കിലും കെട്ടുവള്ളത്തിൽ കടലിൽ മത്സ്യബന്ധനം നടത്തുകയാണ് കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് ജോസ്. എൻജിൻ വള്ളങ്ങളിൽ മറ്റു മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ഒരിക്കലും ചതിക്കാത്ത കെട്ടുവള്ളത്തിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് നാട്ടുകാരുടെ ജോസേട്ടൻ.
40 വര്‍ഷമായി മീൻ പിടിക്കുന്നു; ജോസേട്ടന്‍റെ കടല്‍ യാത്രകള്‍ ഇപ്പോഴും കെട്ടുവള്ളത്തില്‍ - കാസര്‍കോട് മീനാപ്പീസ് കടപ്പുറം
എൻജിൻ വള്ളങ്ങളിൽ മറ്റു മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോഴാണ് കഴിഞ്ഞ 40 വര്‍ഷമായി കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ ജോസ് കെട്ടുവള്ളം ഉപയോഗിക്കുന്നത്.
ചാളത്തടിയിൽ തീർത്ത വള്ളമാണ് ജോസിന്‍റെ ഉപജീവനമാര്‍ഗം. തിര എങ്ങനെ മറിച്ചാലും കെട്ടു മരമെന്നറിയപ്പെടുന്ന ഈ വള്ളം അപകടത്തിൽപ്പെടില്ല. 13ആം വയസിൽ തുടങ്ങി ഇന്ന് പ്രായം 53 കഴിയുമ്പോഴും അധികമൊന്നും ആഗ്രഹിക്കാതെയാണ് ജോസ് കടലിൽ തുഴയെറിയുന്നത്. കടപ്പുറത്തെ ഒറ്റമുറിക്കൂരയിലാണ് ജോസും കുടുംബവും കഴിയുന്നത്. മക്കളിൽ ഒരാൾ മാനസിക വെല്ലുവിളി നേരിടുന്നവൾ. അടച്ചുറപ്പുള്ള വീട്ടിൽ കുടുംബവുമൊത്ത് കഴിയണം എന്നാഗ്രഹമുണ്ട് ജോസിന്. പക്ഷെ അധികൃതർ ആരും ഇങ്ങനെയൊരു ജീവിതം കണ്ട മട്ടില്ല. എൻജിൻ വള്ളത്തിൽ മറ്റുള്ളവർക്കൊപ്പം കടലിൽ പോകാൻ അവസരമുണ്ട്. പക്ഷെ കടലിൽ പോയാലും വൈകാതെ മക്കൾക്കരികിൽ എത്തണം. അതിനാൽ തന്നെ ചാകര കൊണ്ട് മറ്റുള്ളവർ തീരത്തെത്തുമ്പോഴും കെട്ടു വള്ളം മതിയെന്ന് ജോസ് ഉറപ്പിക്കുന്നു. ഒരു വീടെന്ന വലുതല്ലാത്ത ആഗ്രഹവും മനസിലിട്ട് ജോസേട്ടൻ ഒറ്റക്ക് കടലിൽ പോകുകയാണ്.