കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരെ സന്ദർശിച്ച് നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി. ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി അമ്പലത്തറയിൽ പ്രവർത്തിക്കുന്ന സ്നേഹവീട്ടിലേക്കാണ് മേൽശാന്തി എത്തിയത്. ഓരോ കുട്ടിയേയും കണ്ട് അനുഗ്രഹിച്ച അദ്ദേഹം ഇവരെ പരിചരിക്കുന്ന അമ്മമാർക്കും സ്നേഹവീട് പ്രവർത്തകർക്കും മുൻപിൽ കൈകൂപ്പി. ഇതിനെക്കാൾ വലിയൊരു ഈശ്വരാരാധനയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇതിനെക്കാൾ വലിയൊരു ഈശ്വരാരാധനയില്ല'; എൻഡോസൾഫാൻ ദുരിതബാധിതരെ സന്ദർശിച്ച് നിയുക്ത ശബരിമല മേൽശാന്തി - കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത
ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കായി അമ്പലത്തറയിൽ പ്രവർത്തിക്കുന്ന സ്നേഹവീട്ടില്‍ എൻഡോസൾഫാൻ ദുരിതബാധിതരെ കാണാനായി ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരി എത്തി.
രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പടെ നിരവധി പേരാണ് ജയരാമൻ നമ്പൂതിരിയെ കാണാൻ സ്നേഹവീട്ടിൽ ഒത്തുകൂടിയത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ദർശനത്തിന് ശേഷമാണ് ജയരാമൻ നമ്പൂതിരി കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരെ കാണാനെത്തിയത്. ശബരിമലയിൽ മകനെ കൊണ്ടുപോകണമന്ന തന്‍റെ ആഗ്രഹം പറഞ്ഞ അമ്മയെ ഈ കണ്ണീർ അയ്യപ്പൻ കാണാതിരിക്കില്ലെന്നും ജയരാമൻ നമ്പൂതിരി പറഞ്ഞു.
സ്നേഹവീട്ടിലെ കുട്ടികൾക്കൊപ്പം ഏറെനേരം അദ്ദേഹം ചെലവഴിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർ ഉൾപ്പടെ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിനായി ചെറിയൊരു തുക അദ്ദേഹം കൈമാറി. ഭാവിയിലും എല്ലാവിധ പിന്തുണയും ഉറപ്പുനൽകി. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളും, സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദർശിച്ച ശേഷമാണ് അദ്ദേഹം സ്വദേശമായ കണ്ണൂരിലേക്ക് മടങ്ങിയത്.