കാസർകോട്: ഒന്നാം വിള നെൽകൃഷിയുടെ അന്തക കളയായ വരിനെല്ലിനെ പ്രതിരോധിക്കാൻ നാടൻ നെല്ലിനമായ ജപ്പാൻ വയലറ്റ് വിതക്കുന്നു. പ്രകൃത്യാ തന്നെ വയലറ്റ് നിറമുള്ളതാണ് ജപ്പാൻ വയലറ്റ് നെൽച്ചെടികൾ. പാടങ്ങളിൽ ജപ്പാൻ വയലറ്റ് വിതയ്ക്കുന്നതോടെ പച്ച നിറമുള്ള വരിനെല്ലിനെ എളുപ്പം തിരിച്ചറിഞ്ഞ് പിഴുതുമാറ്റാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ സവിശേഷത. പഴയ തലമുറയിൽപ്പെട്ട കർഷകർക്ക് വരിനെല്ല് എളുപ്പത്തിൽ തിരിച്ചറിയാനും പിഴുതെറിയാനും കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. വരിനെല്ലിന് കീഴടങ്ങി ഒന്നാം വിള കൃഷിയിറക്കാൻ തന്നെ കർഷകർ മടിക്കുന്നു. ഇതിന് പരിഹാരമെന്ന നിലയിൽ പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രമാണ് ജപ്പാൻ വയലറ്റ് നെൽ വിത്തുകൾ വിതരണം ചെയ്യുന്നത്. പൂർണമായും ജൈവ ജില്ലയായി പ്രഖ്യാപിച്ച കാസർകോട് ജൈവ രീതിയിലുള്ള കള നിവാരണവും ഇതിലൂടെ സാധ്യമാകും.
വരിനെല്ലിനെ വയലുകടത്താൻ ജപ്പാൻ വയലറ്റ് - Jappan violet
വെള്ളത്തിൽ പൊങ്ങിക്കിടന്ന് വളരുന്ന ഒരു തരം പുൽച്ചെടിയാണ് വരിനെല്ല്. നെല്‍ക്കൃഷിക്ക് ഭീഷണിയായി നെല്ലിനോടൊപ്പം തന്നെ വളരുന്ന കളയാണിത്.
ജപ്പാൻ വയലറ്റ്
വരിനെല്ല് ശല്യത്തെ തുടർന്ന് 86 ഏക്കർ വരുന്ന തിമിരി പാടശേഖരത്തിൽ ഒന്നാം വിള നെൽകൃഷി ചെയ്യാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ തിമിരിയിലെ പത്ത് ഏക്കർ വയലിലാണ് ജപ്പാൻ വയലറ്റ് വിതച്ചത്. രണ്ട് വർഷത്തെ തുടർ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാകുന്നതോടെ വരിനെല്ലിനെ പൂർണമായും പാടത്തുനിന്നും പടിയിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.