കാസർകോട്:വന്യ മൃഗങ്ങളും ഇഴ ജന്തുക്കളുമുള്ള കാടുതാണ്ടണം, ദിവസങ്ങളോളം ആരും കാണാതെ ക്ഷേത്രത്തിനടുത്ത് ആചാരമിരിക്കണം. തലമുടിയും മീശയുമടക്കം സകല രോമങ്ങളും വടിച്ച് ശുദ്ധരാകണം, പച്ചോലയിൽ നഗ്നരായി കിടക്കണം, സ്വയം പിണ്ഡമർപ്പിക്കണം.. ആചാരങ്ങളിലെ വ്യത്യസ്തത കൊണ്ട് വിശ്വാസവും നിഗൂഢതയും നിറഞ്ഞതാണ് ജാബ്രി ഗുഹയും നെട്ടണിഗെ മഹാദേവ ക്ഷേത്രവും ഇവിടുത്തെ ഉത്സവവും.
12 വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങാണ് ജാബ്രി മഹോത്സവത്തെക്കുറിച്ചാണ് ഈ പറയുന്നത്. 2017ലാണ് അവസാനമായി ജാബ്രി മഹോത്സവം നടന്നത്. ഇനി 2029ലാണ് ഈ ഉത്സവം നടക്കുന്നത്. ശിവ ക്ഷേത്രം കേരളത്തിൽ ആണെങ്കിലും ജാബ്രി ഗുഹ കർണാടക വനത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെയും കർണാടകത്തിലെയും ആളുകൾ ഉത്സവത്തിനായി ഇവിടെ എത്താറുണ്ട്. കാസർകോട് നഗരത്തിൽ നിന്ന് 35 കിലോമീറ്റർ സഞ്ചരിച്ചാൽ നെട്ടണിഗെ മഹാദേവ ക്ഷേത്രത്തിലേക്ക് എത്തും. ക്ഷേത്രത്തിൽ നിന്ന് ഒൻപതു കിലോമീറ്റർ അകലെ മലമുകളിൽ കർണാടക വനപ്രദേശത്തെ ഗളിയാൽ എന്ന സ്ഥലത്താണ് ജാബ്രി ഗുഹ. ഈ ഗുഹയിൽ പൂജ അർപ്പിക്കുന്നതാണ് മഹോത്സവത്തിന്റെ പ്രധാനപ്പെട്ട ചടങ്ങ്.
യാത്ര കാടും പടലും താണ്ടി:പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ചടങ്ങ് ആയതിനാൽ വഴികൾ എല്ലാം കാടുമൂടിയിട്ടുണ്ടാകും. ഈ വഴികളൊക്കെ വെട്ടി മൊഗെർ വിഭാഗക്കാരായ രണ്ടുപേരാണ് കൊടുംകാട് താണ്ടി ആദ്യം ഗുഹയിലെത്തേണ്ടത്. ഇവരെ 'കാപ്പടന്മാർ' എന്ന് വിളിക്കുന്നു. അവർ ഗുഹയിൽ നിന്ന് തിരിച്ചെത്തിയാൽ ക്ഷേത്ര പുരോഹിതർ ജാബ്രി ഗുഹയിലേക്ക് നീങ്ങും. ഗുഹയിലേക്ക് പ്രവേശനം ഇല്ലെങ്കിലും ഗുഹ സ്ഥിതി ചെയ്യുന്ന സ്ഥലം വരെ ആളുകൾക്ക് പോകാം. ഈ വഴിയിൽ വനംവകുപ്പിന്റെ റോഡുണ്ട്, പക്ഷേ, ആചാരപ്രകാരം ആദ്യം പോകുന്നവർ കാടുതാണ്ടി, പുതിയ വഴിവെട്ടണം.
വർഷങ്ങളായി മനുഷ്യസ്പർശമേൽക്കാത്ത ഗുഹാകവാടം വെട്ടിത്തെളിച്ച് അതിലിറങ്ങണം. ശുചീകരിക്കണം.. പിന്നീട് തന്ത്രിമാർ അകത്തേക്ക് കയറി മണ്ണ് ശേഖരിച്ച് തിരിച്ച് നടന്ന് അമ്പലത്തിലെത്തണം. ഗുഹക്കുള്ളിലെ മണ്ണാണ് പ്രസാദമായി നൽകുന്നതും. ഗുഹയിൽ നടക്കുന്ന കർമങ്ങൾ പുറത്ത് ആർക്കും അറിയില്ല. ഗുഹ നൂഴുന്ന കാപ്പടന്മാർക്ക് ക്ഷേത്രത്തിൽ അവകാശമുണ്ടെന്നും പറയപ്പെടുന്നു.