കാസർകോട്: കാസര്‍കോട്ടെ ബിജെപിയില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രതിസന്ധികളും തുടര്‍ന്നുണ്ടായ പ്രതിഷേധവും പരിഹരിക്കാന്‍ ഇടപെടല്‍ നടത്തി ആര്‍എസ്എസ്. ബിജെപിയിലുള്ള പ്രശ്‌നങ്ങള്‍ സംസ്ഥാന തലത്തിൽ സംഘടനയ്ക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് ആര്‍എസ്എസിന്‍റെ ഇടപെടല്‍. സിപിഎം കൂട്ടുകെട്ടിൽ ആരോപണം നേരിടുന്ന മുൻ ജില്ല നേതാക്കൾക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടനെ ഉണ്ടായേക്കും.
ആർഎസ്എസ് നേതാക്കൾ ബിജെപി സംസ്ഥാന നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ രണ്ടു ദിവസമായി ബിജെപി ജില്ല ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധം പ്രവർത്തകർ അവസാനിപ്പിച്ചു. മുൻ ജില്ല അധ്യക്ഷൻ കെ. ശ്രീകാന്ത്, പി. സുരേഷ് കുമാർ ഷെട്ടി, മണികണ്‌ഠന്‍ റേ എന്നിവർക്കെതിരെ നടപടി എടുക്കണമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം.