കാസര്‍കോട്: രണ്ടര വയസില്‍ എന്തെല്ലാം നിങ്ങളുടെ ഓർമയിലുണ്ടാകും എന്ന് ചോദിച്ചാല്‍ ഉത്തരം പ്രയാസമാണ്. പക്ഷേ കാസർകോട് ജില്ലയിലെ പരവനടുക്കം സ്വദേശി ഹരീഷിന്‍റെ മകൾ പാർവതി ബാല രണ്ടര വയസില്‍ മന:പാഠമാക്കിയത് 30 പാട്ടുകളാണ്.
പാട്ടും പാടി നാട്ടിലെ താരമായി രണ്ടര വയസുകാരി മലയാളം, തമിഴ്, തെലുങ്ക് സിനിമ ഗാനങ്ങളുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഒന്നു കേള്‍ക്കേണ്ട താമസമേയുള്ളൂ. ഏത് പാട്ടാണെന്ന് തിരിച്ചറിഞ്ഞ് ബാലമോൾ പാടും. പാട്ട് മാത്രമല്ല, പൊതുവിജ്ഞാനത്തിലും മിടുമിടുക്കിയാണ് ബാല.
ദേശീയ നേതാക്കളുടെ ചിത്രമോ വിവിധ രാജ്യങ്ങളുടെ പതാകകളോ എന്തുകാണിച്ചാലും ഉത്തരം റെഡി. കേരളത്തിലെ മുഴുവന്‍ മന്ത്രിമാരുടെ പേരും ഈ മിടുക്കി പറയും. മനുഷ്യശരീരത്തിലെ അവയവങ്ങള്‍ ഏതായാലും ഇംഗ്ലീഷില്‍ ചോദിച്ചാല്‍ അപ്പോള്‍ തന്നെ തൊട്ടുകാണിക്കും.
മൊബൈല്‍ ഫോണില്‍ പാട്ട് കേട്ട് തുടക്കം
അക്ഷരം അറിഞ്ഞു തുടങ്ങിയപ്പോൾ തന്നെ ബാല പാട്ടുകൾ ഇഷ്‌ടപ്പെട്ട് തുടങ്ങിയതായി അമ്മ സുകന്യ പറയുന്നു. പിന്നീട് അച്ഛനും അമ്മയും മകളെ പാട്ടുകളുടെ ലോകത്തേക്ക് ആനയിച്ചു. ഇപ്പോൾ മൊബൈല്‍ ഫോണിലെ എല്ലാ ആപ്പുകളുടെ പേരുകളും ബാല പാർവതി പറയും.
പൊതുവിജ്ഞാനത്തിലും മിടുക്കുതെളിയിച്ചതോടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക് അപേക്ഷിച്ചതെന്ന് ഹരീഷ് പറയുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയതിനൊപ്പം നിരവധി സമ്മാനങ്ങളും നാട്ടിലെ താരമായ ബാല പാർവതിയെ തേടിയെത്തിയിട്ടുണ്ട്.
ALSO READ:ETV Bharat വാർത്ത വന്നു: പട്ടികവര്‍ഗക്കാരുടെ പേരില്‍ തൊഴിലുറപ്പ് തട്ടിപ്പ്, ജാതി/വിഭാഗം എഡിറ്റ് ഓപ്ഷന്‍ മരവിപ്പിച്ച് കേന്ദ്രം