കാസർകോട്: കൊവിഡ് വ്യാപനം ഭീതി സൃഷ്ടിക്കുമ്പോഴും കൊവിഡ് രോഗികള്‍ക്കായി പണി തീര്‍ത്ത ടാറ്റ ആശുപത്രിയില്‍ നിയമനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടില്ല. ആദ്യ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ടാറ്റ ഗ്രൂപ്പ് കണ്ടെയ്‌നര്‍ സംവിധാനത്തിലുള്ള ആശുപത്രി കാസർകോട് തെക്കിലില്‍ ഒരുക്കിയത്. ആശുപത്രിയിലേക്കായി 191 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ആറ് മാസം കഴിയുമ്പോഴും പകുതിയോളം നിയമനങ്ങള്‍ മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ. താൽകാലിക ജീവനക്കാരുമായാണ് ഇപ്പോഴും ആശുപത്രിയുടെ പ്രവര്‍ത്തനം.
ഗുരുതരാവസ്ഥയിലുള്ള ബി,സി കാറ്റഗറിയിലുള്ള 100ലേറെ രോഗികള്‍ ഇപ്പോള്‍ ടാറ്റ ആശുപത്രിയിലുണ്ട്. ഓക്‌സിജന്‍ സംവിധാനമടക്കം കൂടുതല്‍ കിടക്കകള്‍ ഒരുക്കാനുള്ള ജോലികളും പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയായി കൂടുതല്‍ രോഗികള്‍ എത്തിയാല്‍ പ്രവര്‍ത്തനം താളം തെറ്റുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
സൂപ്രണ്ട്, ആര്‍.എം.ഒ, ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍, അസി.സര്‍ജന്‍ ഉള്‍പ്പെടെ 40 പേരില്‍ 14 നിയമനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. ഇതോടെ നിലവിലുള്ള ഡോക്ടര്‍മാര്‍ക്ക് ജോലിഭാരം കൂടുകയാണ്. മറ്റു ആശുപത്രികളിൽ നിന്നും മൂന്ന് ഡോക്ടര്‍മാരെ താത്കാലികമായി ഇവിടേയ്ക്ക് മാറ്റിയിട്ടുണ്ട്. നഴ്‌സുമാരുടെ കുറവും പ്രതിസന്ധിയാണ്.
30 വീതം ഗ്രേഡ് 1, ഗ്രേഡ് 2 നഴ്‌സുമാരുടെ തസ്തികയുണ്ട്. ഇതില്‍ ഗ്രേഡ് ഒന്നില്‍ ഒരാള്‍ പോലും ഇവിടില്ല. പ്രൊമോഷന്‍ നടക്കാത്തതാണ് ഇതിന് കാരണമായി അധികൃതര്‍ പറയുന്നത്. ബാക്കിയുള്ളവയിലും നിയമനം പൂര്‍ത്തിയായിട്ടില്ലെങ്കിലും മറ്റു ആശുപത്രികളില്‍ നിന്നും താത്കാലികമായി ഇവിടേക്ക് ജീവനക്കാരെ മാറ്റിയാണ് പ്രശ്‌ന പരിഹാരം കണ്ടത്.
Read more: നിയമനകാര്യത്തില്‍ മെല്ലെപ്പോക്ക്; കാസര്‍കോട് ടാറ്റ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിൽ