കാസർകോട്: കാസർകോട് കാനത്തൂരിൽ ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. വടക്കെകര സ്വദേശി വിജയനാണ് ഭാര്യ ബേബിയെ(35) വെടിവെച്ച് കൊന്ന ശേഷം തൂങ്ങി മരിച്ചത്.
ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു - husband hanged himself
കാസർകോട് വടക്കെ കരയിലെ വിജയന്‍റെ ഭാര്യ ബേബി (35) ആണ് കൊല്ലപ്പെട്ടത്
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടിൽ വെച്ചാണ് വിജയൻ ഭാര്യയെ വെടിവെച്ച് കൊന്നത്. അഞ്ചു വയസുകാരൻ മകന്‍റെ മുൻപിൽ വെച്ചാണ് വെടിയുതിർത്തത്. മകൻ തൊട്ടടുത്തുള്ള വീട്ടിൽ എത്തി വിവരം പറഞ്ഞപ്പോൾ ആണ് സംഭവം പുറം ലോകമറിയുന്നത്. ഈ സമയം വീട്ടിൽ നിന്നും തോക്കുമായിറങ്ങിയ വിജയൻ 200 മീറ്റർ അകലെയുള്ള റബ്ബർ തോട്ടത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. ഉടുത്ത മുണ്ട് കീറിയാണ് വിജയൻ ആത്മഹത്യ ചെയ്തത്. മൃതദേഹത്തിനു സമീപത്ത് നിന്ന് നാടൻ തോക്ക് കണ്ടെത്തി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. വിജയൻ സ്ഥിര മദ്യപാനി ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ബേബിയെ മറ്റൊരാൾ ഫോണിൽ സ്ഥിരമായി വിളിച്ച് ശല്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരുമായി തർക്കം നടന്നിരുന്നതായി പറയുന്നു. ഇതു സംബന്ധിച്ച് വിജയൻ ആദൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനയച്ചു.