കാസർകോട് : ഒരു വീട് എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി ജനങ്ങൾ നേട്ടോട്ടമോടുമ്പോൾ കാസർകോട് കന്നട ഗ്രാമത്തിൽ കാടു കയറി നശിക്കുന്നത് 28 വീടുകളാണ്. പല വീടിന്‍റെയും അകത്ത് മരങ്ങളും ഇഴജന്തുക്കളുമാണ്. രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഇവിടം.
കന്നട ഗ്രാമത്തിൽ കാടു കയറി നശിക്കുന്നത് 28 വീടുകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി കാസർകോട് നഗരസഭ നിർമിച്ചതാണ് ഈ വീടുകൾ. വിധവകൾ, ശാരീരിക അവശതകൾ അനുഭവിക്കുന്നവർ, എൻഡോസൾഫാൻ ദുരിത ബാധിതർ, പട്ടിക ജാതി വിഭാഗത്തിലുള്ളവർ എന്നിവർക്കായാണ് ആശ്രയ, എസ് സി പദ്ധതിയിലൂടെ 28 വീടുകൾ നിർമിച്ചത്. വീടുകളുടെ 75 ശതമാനം പണി പൂർത്തീകരിച്ചെങ്കിലും മുഴുവൻ പണിയും പൂർത്തീകരിച്ച് വീട് കൈമാറാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല.
ഒരു വീടിന് നാലു ലക്ഷത്തിനു മുകളിലാണ് പദ്ധതി വിഹിതം. ഇങ്ങനെ 80 ലക്ഷത്തിലധികം രൂപയാണ് കാടുമൂടി കിടക്കുന്നത്. ഉടൻ തന്നെ വീട് കിട്ടുമെന്ന പ്രതീക്ഷയിൽ ഗുണഭോക്താക്കൾ പലരും വാടക വീടുകളിലേക്ക് മാറി. എന്നാൽ പത്തു വർഷം കഴിഞ്ഞിട്ടും ഇവർ വാടക വീട്ടിൽ തന്നെ തുടരുകയാണ്. വീടിന്‍റെ ബാക്കി പണികൾ തങ്ങൾ ചെയ്തോളാമെന്നു നഗരസഭയെ അറിയിച്ചിട്ടും അധികൃതർ സമ്മതിച്ചില്ല. പദ്ധതി ഏറ്റെടുത്ത കരാറുകാരനും മൂന്ന് ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്നാണ് പറയുന്നത്.
അനാഥമായി കിടക്കുന്ന 28 വീടുകളിൽ പലതും വാസയോഗ്യമല്ലാതായിട്ടുണ്ട്. ഉടൻ അർഹതപ്പെട്ടവർക്ക് കൈമാറിയില്ലെങ്കിൽ മറ്റു വീടുകളും വാസയോഗ്യമല്ലാതായി മാറും. അർഹതപ്പെട്ടവർ പെരുവഴിയിലുമാകും.