കേരളം

kerala

ETV Bharat / state

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗമുക്ത നിരക്കുമായി കാസര്‍കോട് - highest covid recovery rate

മൂന്ന് ദിവസത്തിനിടെ കാസർകോട് രേഖപ്പെടുത്തിയ രോഗമുക്തി നിരക്ക് 37 ശതമാനം

Covid recovery rate  ഉയര്‍ന്ന കൊവിഡ് രോഗമുക്ത നിരക്ക്  kasargod covid  highest covid recovery rate  സമൂഹവ്യാപനം
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗമുക്ത നിരക്കുമായി കാസര്‍കോട്

By

Published : Apr 12, 2020, 8:59 PM IST

കാസര്‍കോട്: കൊവിഡ് റിപ്പോർട്ട് ചെയ്‌ത ആദ്യ നാളുകളിൽ സമൂഹവ്യാപന ഭീഷണി ഉയർന്നെങ്കിലും കാസര്‍കോട്ടെ ആശങ്കകൾ നീങ്ങുകയാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗമുക്ത നിരക്കുമായി കാസര്‍കോട് അതിജീവനത്തിന്‍റെ പാതയിലാണ്. മൂന്ന് ദിവസത്തിനിടെ കാസർകോട് രേഖപ്പെടുത്തിയ രോഗമുക്തി നിരക്ക് 37 ശതമാനമാണ്. അമേരിക്കയിൽ ഇത് 5.7 ശതമാനവും ഇന്ത്യയിൽ 11.4 ശതമാനവുമാണ്. ജില്ലയിൽ രോഗം ബാധിച്ചവരിൽ ആരും മരണപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് തന്നെ ഒരു ആശുപത്രിയിൽ നിന്നും ഏറ്റവും കൂടുതല്‍ പേർ കൊവിഡ് രോഗമുക്തി നേടിയതെന്ന ഖ്യാതിയും കാസര്‍കോട്ടെ ജനറല്‍ ആശുപത്രിക്ക് സ്വന്തം. 26 പേരാണ് രോഗം ഭേദമായി ഞായറാഴ്‌ച ആശുപത്രി വിട്ടത്. ഇവരെ പരിചരിച്ച ആശുപത്രി ജീവനക്കാർ നിറഞ്ഞ കൈയ്യടികളോടെ യാത്രയാക്കി. കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ ഇതുവരെ 165 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 60 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 105 പേരാണ് ചികിത്സയിൽ കഴിയുന്നത്. തുടർച്ചയായ 17 ദിവസങ്ങൾക്ക് ശേഷമാണ് ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതെ ഒരു ദിവസം കടന്നുപോയത്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊവിഡ് രോഗമുക്ത നിരക്കുമായി കാസര്‍കോട്

കൂടുതൽ പേർ രോഗമുക്തരാകുന്നുവെങ്കിലും സമൂഹ വ്യാപനത്തിനുള്ള സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല. സാമൂഹിക സർവേ നടത്തുന്നത് വഴി ഇതിന് തടയിടാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. സർവേയിലൂടെ രോഗലക്ഷണങ്ങളുള്ള ആളുകളെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക് ഡൗൺ ഫലപ്രദമാകുന്നുവെന്നാണ് വിലയിരുത്തൽ. രോഗം സ്ഥിരീകരിച്ചും രോഗലക്ഷണങ്ങളോടെയും ആശുപത്രികളിൽ കഴിയുന്ന 248 പേരുൾപ്പെടെ 10,374 പേരാണ് നീരീക്ഷണത്തിലുള്ളത്. 353 പേർ വീടുകളിലെ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. പരിശോധനക്കയച്ച 2,321 സാമ്പിളുകളിൽ 1,596 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഇനി 539 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്.

ABOUT THE AUTHOR

...view details