കാസർകോട് :കാസർകോട് വീണ്ടും കനത്ത മഴ (Heavy rain). പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറുന്ന സ്ഥിതിയാണ്.
ഉപ്പളയിലും മധൂറിലും ഭീമനടിയിലും നദികൾ അപകടനിലയും കടന്ന് ഒഴുകുകയാണ്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. മലയോരത്ത് മണിക്കൂറുകളായി മഴ നിർത്താതെ പെയ്യുകയാണ്. 90 മില്ലി മീറ്റർ മഴയാണ് വെള്ളരിക്കുണ്ട് താലൂക്കിൽ പെയ്‌തത്.
ഹൊസ്‌ദുർഗ്, കാസർകോട് മഞ്ചേശ്വരം താലൂക്കുകളിലും ശക്തമായ മഴയാണ് പെയ്യുന്നത്. ജൂലൈ മൂന്ന് മുതൽ ഏഴ് വരെ ജില്ലയിൽ മഴക്കെടുതിയിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 68 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു.
995 കർഷകരുടെ 54.66 ഹെക്‌ടർ ഭൂമിയിലെ കൃഷി നശിച്ചു. 42.47 ലക്ഷം രൂപയുടെ നാശമാണ് കണക്കാക്കുന്നത്. മഴ ശക്തമായതിനെ തുടർന്ന് വെള്ളരിക്കുണ്ട് താലൂക്കിൽ കിനാനൂർ ജി എൽ പി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ പ്രവേശിപ്പിച്ചവരെ, വെള്ളമിറങ്ങിയതിനെ തുടർന്ന് വെള്ളിയാഴ്‌ച വീട്ടിലേക്ക് മാറ്റി. ക്യാമ്പ് പിരിച്ചുവിട്ടതായി വെള്ളരിക്കുണ്ട് തഹസിൽദാറും അറിയിച്ചിരുന്നു. ഹൊസ്‌ദുർഗ് താലൂക്കിലെ പള്ളിക്കരയിൽ 65-ാം നമ്പർ അങ്കണവാടിയിൽ ക്യാമ്പ് തുടരുകയാണ്. രണ്ട് പേരാണ് ക്യാമ്പിലുള്ളത്.
Also read :കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം രൂക്ഷം ; ജനങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിത്തുടങ്ങി
കാസർകോട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് : സംസ്ഥാനത്ത് ഇന്ന് മഴ ദുർബലമാകും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കാലാവസ്ഥ വകുപ്പ് ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നില്ല. എന്നാൽ കോഴിക്കോട് (Kozhikode), വയനാട് (Wayanad), കണ്ണൂർ (Kannur), കാസർകോട് (Kasargod) ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് (Yellow alert) പ്രഖ്യാപിച്ചിരുന്നു.
അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം (Kollam), എറണാകുളം (Ernakulam), മലപ്പുറം (Malappuram), കണ്ണൂർ (Kannur), കാസര്‍കോട് (Kasargod) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചത്. മലയോര പ്രദേശങ്ങളിലും തീരദേശ മേഖലകളിലും ജാഗ്രത തുടരണമെന്നും നിർദേശം നൽകിയിരുന്നു.
വരും ദിവസങ്ങളിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നില്ല. ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ആവശ്യമെങ്കിൽ അധികൃതരുടെ നിർദേശാനുസരണം ക്യാമ്പുകളിലേക്ക് മാറണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഇപ്പോഴും തുടരുന്നു. കടൽ പ്രക്ഷുബ്‌ധമാകാൻ സാധ്യതയുള്ളതിനാൽ ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പെയ്‌ത കനത്ത മഴയിൽ നിരവധി നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിലേക്കും മറ്റും മരം വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതിബന്ധം താറുമാറാകുകയും ചെയ്‌തു. മഴ ദുർബലമാകുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടർന്ന് ആശ്വാസത്തിലാണ് ആളുകൾ.