കാസര്‍കോട് : എൻഡോസൾഫാൻ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിനൊരുങ്ങി സാമൂഹിക പ്രവർത്തക ദയാബായ്. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ അനിശ്ചിതകാല നിരാഹാര സമരമാരംഭിക്കും. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ എയിംസ് പ്രൊപ്പോസലിൽ മറ്റ് നാല് ജില്ലകളുടെ കൂടെ കാസർകോട് ജില്ലയുടെ പേരും ചേർക്കുക, ജില്ലയില്‍ വിദഗ്‌ധ ചികിത്സാസംവിധാനം അടിയന്തരമായി ഒരുക്കുക, മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പിലായവർ എന്നിവര്‍ക്ക് ദിന പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാര സമരം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ : അനിശ്ചിതകാല നിരാഹാര സമരത്തിനൊരുങ്ങി ദയാബായ് - ദയാബായ് നിരാഹാര സമരം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്ക് പെന്‍ഷന്‍ പൊലും കൃത്യമായി ലഭിക്കുന്നില്ലെന്നുള്ളത് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്‌ചയാണെന്ന് ദയാബായ്
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞതിന്‍റെ വെളിച്ചത്തിലാണ് താൻ അനിശ്ചിതകാല സമരത്തിന് തയ്യാറാവുന്നതെന്ന് ദയാബായ് പറഞ്ഞു. എൻഡോസൾഫാൻ ദുരിതങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ അതിനെ മറികടക്കാൻ പഠനവും ഗവേഷണവും നടത്താവുന്ന ആരോഗ്യ സംവിധാനങ്ങൾ കാസർകോട് അനിവാര്യമാണ്. കാസര്‍കോട്ടെ സംഭവം മറ്റൊരു ഹിരോഷിമ നാഗസാക്കി അനുഭവം തന്നെയാണെന്നും അവർ പറഞ്ഞു.
എല്ലാവരും ഉപേക്ഷിച്ചിട്ടിരിക്കുന്ന വര്‍ഗമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ പലതരം വിവേചനം അനുഭവിക്കുകയാണ്. ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമാണ് ഇവിടെ ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരമുഖത്തുണ്ടാകുമെന്നും ദയാബായ് കൂട്ടിച്ചേര്‍ത്തു.