കാസർകോട് : കാസർകോട് : ഒരു കൈയും കാലും തളർന്നു പോയെങ്കിലും തളരാത്ത മനസുകൊണ്ട് കഴിഞ്ഞ 12 വർഷമായി വിധിയെ തോൽപ്പിച്ച് ജീവിതം തുന്നി ചേർക്കുകയാണ് കാസർകോട് മുന്നാട് സ്വദേശിയായ ദാമോദരൻ. പക്ഷാഘാതത്തെ തുടർന്ന് കൈയും കാലും തളർന്ന ഈ അമ്പത്തിയെട്ടുകാരൻ തയ്യൽ ജോലി ചെയ്ത് ജീവിതത്തോട് പോരാടുകയാണ്. ഒരു കൈയും കാലും അനക്കാൻ പോലും കഴിയില്ല. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. എങ്കിലും സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ ജോലി ചെയ്യാതെ മറ്റു മാർഗമില്ല.
ഒരു കൈയിൽ ഭക്ഷണ സഞ്ചിയും മറ്റേ കൈയിൽ ഊന്നുവടിയുമായി കടയിലേക്കെത്തുന്ന ദാമോദരൻ മുന്നാട്ടുകാർക്ക് ഏറെ സുപരിചിതനാണ്. കട തുറക്കുന്നതും അടയ്ക്കുന്നതും ദാമോദരൻ ഒറ്റയ്ക്കാണ്. തുണി മുറിക്കുന്നതും നൂല് കോർക്കുന്നതും തുന്നുന്നതുമെല്ലാം ഒരു കൈകൊണ്ട് തന്നെ.
ഒരു കൊച്ചു വീട്, മെച്ചപ്പെട്ട സാമ്പത്തികം തുടങ്ങി ഒട്ടേറെ സ്വപ്നങ്ങളുമായാണ് ദാമോദരൻ മുംബൈയിലേക്കും അവിടെ നിന്ന് ഗൾഫിലേക്കും വണ്ടി കയറിയത്. 12 വർഷം ഗൾഫിലും മുംബൈയിലുമായി തയ്യൽജോലി ചെയ്തുവരികയായിരുന്നു ദാമോദരൻ. എന്നാൽ 2009ൽ ഗൾഫിൽ ജോലി ചെയ്യവേ രക്തസമ്മർദം കൂടി പക്ഷാഘാതം ബാധിച്ച് ശരീരത്തിന്‍റെ ഒരു വശം തളർന്നു പോയി. സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. നാട്ടിലെത്തി കുറച്ച് വർഷം ആയുർവേദ ചികിത്സ നടത്തി. കുറച്ച് ഭേദമായെങ്കിലും തുടർചികിത്സയ്ക്ക് പണമില്ലാതായി.