കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. ഓരോ വോട്ടും നിർണായകമാണ്. അതിനാല്‍ തന്നെ ഹനഫികളും പ്രധാന വോട്ടുബാങ്കാണ്. ഭാഷാ വൈവിധ്യം കൊണ്ട് ഏറെ സമ്പന്നമായ മഞ്ചേശ്വരത്ത് ബഹുസ്വര സംസ്‌കാരത്തിന്‍റെ പ്രതീകം കൂടിയാണ് ഉപ്പളയിലെ ഹനഫികൾ. ഹനഫി വിഭാഗത്തിൽപ്പെടുന്ന രണ്ടായിരത്തിലധികം കുടുംബങ്ങളുണ്ട് ഉപ്പളയിൽ ഉള്ളത്. നീണ്ട കുർത്തയും മൈലാഞ്ചി ചുവപ്പുള്ള നീളൻ താടിയും തുർക്കി തൊപ്പിയും ഇവരുടെ പ്രത്യകതകളാണ്. ഇവരുടെ സംസാരവും പളളിയിലെ പ്രാർഥനയുമെല്ലാം ഉറുദുവിലാണ്. ഉത്തരേന്ത്യൻ സംസ്ഥാനത്തെത്തിയ പ്രതീതിയാണ് ഇവിടെ.
മഞ്ചേശ്വരത്ത് ഹനഫി വോട്ടുകൾ നിർണായകമാകും - ഉപ്പളയിലെ ഹനഫികൾ
ഉപ്പളയില്‍ ഹനഫി വിഭാഗത്തിൽപ്പെടുന്ന രണ്ടായിരത്തിലധികം കുടുംബങ്ങളാണ് ഉള്ളത്.
ഹനഫികൾ ഉപ്പളയിൽ എത്തിയതിന് പിന്നില്‍ പല കഥകളും പ്രചാരത്തിൽ ഉണ്ട്. അതിൽ ഒന്ന് ടിപ്പുവിന്‍റെ പടയാളികൾ ആയി തുളുനാട്ടിൽ എത്തിയെന്നാണ്. ഹിന്ദുസ്ഥാനി മുസ്ലീങ്ങൾ എന്നറിയപ്പെടുന്ന ഇവരുടെ പൂർവികർ മുഗൾ രാജാക്കൻമാരുടെ കാലത്ത് പടയാളികളായി തുളുനാട്ടിൽ എത്തിെയന്നും പറയപ്പെടുന്നു. കായിക ശേഷി ഏറെയുള്ള ഹനഫികളിൽ ഭൂരിഭാഗവും കപ്പൽ തൊഴിലാളികളാണ്. വൈവിധ്യം കൊണ്ടും സംസ്‌കാരം കൊണ്ടും സമ്പന്നമായ നാടാണെങ്കിലും മറ്റു ഭാഷകളെ പോലെ ഉറുദു പരിഗണിക്കപ്പെടാത്തതിന്‍റെ പരിഭവമുണ്ട് ഹനഫികൾക്ക്. കേരളത്തിലെ ഏക ഉറുദു മീഡിയം സ്‌കൂള്‍ പ്രവർത്തിക്കുന്നതും ഉപ്പളയിലാണെന്നത് മറ്റൊരു പ്രത്യേകതയാണ്.