കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതർക്കായുളള സൗജന്യ മരുന്ന് വിതരണം പുനഃസ്ഥാപിക്കും. വിതരണവും ചികിത്സയും മുടങ്ങിയതിനെ കുറിച്ച് പരിശോധിക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു. നീതി സ്‌റ്റോറുകൾ വഴി നൽകിവന്ന സൗജന്യ മരുന്ന് കുടിശ്ശിക കാരണം മുടങ്ങിയിരുന്നു.
നിലവിൽ മൂന്നുമാസത്തിലേറെയായി എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്ന് ലഭിക്കുന്നില്ല. ഇത് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉടൻ ഉത്തരവ് ഇറക്കുമെന്നാണ് സൂചന.
ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി മരുന്ന് വിതരണം: 2010 മുതലാണ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ മരുന്നും സൗജന്യ ചികിത്സയും നൽകി തുടങ്ങിയത്. ഈ തീരുമാനം എൻഡോസൾഫാൻ ദുരിതബാധിതർക്ക് വലിയൊരു കൈത്താങ്ങ് ആയിരുന്നു. എന്നാൽ, മൂന്നു മാസത്തിൽ ഏറെയായി സൗജന്യ മരുന്നുകളും സൗജന്യ ചികിത്സയും മുടങ്ങി.
സാമ്പത്തികം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മരുന്ന് വിതരണം നിർത്തിയത്. നീതി സ്‌റ്റോറുകൾ വഴിയായിരുന്നു സൗജന്യ മരുന്ന് വിതരണം. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് നാഷണൽ ഹെൽത്ത് മിഷൻ നൽകിയിരുന്ന സഹായം അവസാനമായി ലഭ്യമായത്.
നീതി സ്‌റ്റോറുകൾ വഴിയുള്ള സൗജന്യ മരുന്ന് വിതരണത്തിൽ നിലവിലുണ്ടായിരുന്ന കുടിശിക കാസർകോട് വികസന പാക്കേജിൽ ഉൾപെടുത്തി നൽകുമെന്നായിരുന്നു തീരുമാനം. ഇതിനായി സംസ്ഥാന സർക്കാർ നാല് കോടി 17 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാലത് കടലാസിൽ മാത്രം ഒതുങ്ങി.
പ്രതിഷേധം ശക്തം: ദുരിത ബാധിത മേഖലകളിലെ നീതി മെഡിക്കൽ സ്‌റ്റോറുകൾക്ക് എട്ട് ലക്ഷം മുതൽ 26 ലക്ഷം രൂപ വരെയാണ് കുടിശ്ശിക ലഭിക്കാനുള്ളത്. എൻ.എച്ച്.എം നൽകിയിരുന്ന ഫണ്ട് നിലച്ചതോടെ മംഗളൂരുവിൽ ഉൾപെടെയുള്ള ആശുപത്രികളിൽ സൗജന്യ ചികിത്സയും ലഭ്യമല്ല. ആശുപത്രികൾക്കും, സൗജന്യമായി മരുന്നുകൾ വിതരണം ചെയ്‌ത നീതി മെഡിക്കൽ സ്‌റ്റോറുകൾക്കും കുടിശികയായി നൽകാനുള്ളത് രണ്ട് കോടിയിലധികം രൂപയാണ്.
പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഫണ്ടും ഇതുവരെ നൽകിയിട്ടില്ല. പലയിടങ്ങളിലും നീതി മെഡിക്കൽ സ്‌റ്റോറിലൂടെയുള്ള മരുന്ന് വിതരണം നേരത്തെ മുടങ്ങിയിരുന്നു. സൗജന്യ മരുന്നും സൗജന്യ ചികിത്സയും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടന്നുവരികയാണ്.
കഴിഞ്ഞ ദിവസം എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. അധികാരികളുടെ കണ്ണു തുറക്കാൻ മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്താനാണ് തീരുമാനം.
ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകണമെന്ന് ഹൈക്കോടതി:അതേസമയം, കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതി നിര്‍ദേശം നല്‍കി. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ മേല്‍നോട്ടത്തിനായി 2011ലാണ് പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതിക്ക് ലഭിച്ചത്. ഇതാണ് കേരള ഹൈക്കോടതിയിലേക്ക് മാറ്റിയത്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരമായി അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ട്. ഇനി ബാക്കിയുള്ളത് വൈദ്യസഹായം സംബന്ധിച്ചുള്ളവ മാത്രമാണെന്നും ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ പിഎസ് നരസിംഹ. ജെ ബി പര്‍ദിവാലം എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.