കാസർകോട് :അനധികൃതമായി കേരളത്തിലേക്ക് കടത്തുകയായിരുന്ന വിദേശ മദ്യം എക്സൈസ് പിടികൂടി. കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 285 ലിറ്റർ മദ്യമാണ് പിടികൂടിയത്. ഇതിൽ 129 ലിറ്റർ ഗോവൻ നിർമിത മദ്യവും 155 ലിറ്റർ കർണാടക മദ്യവുമാണ്.
കാസര്‍കോട് ഷിറിബാഗിലു സ്വദേശി സുരേഷ് ബി പിയെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു. 2000 രൂപയും കാറിൽ നിന്ന് കണ്ടെടുത്തു. മദ്യം കടത്തിയ കാറും കസ്‌റ്റഡിയിലെടുത്തു.
മഞ്ചേശ്വരത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് മദ്യക്കടത്ത് കണ്ടെത്തിയത്.
ഈ മാസം പത്തിന് മഞ്ചേശ്വരത്ത് നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടിയിരുന്നു. അന്ന് 2484 ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യമാണ് പിടികൂടിയത്.
സംഭവത്തെ തുടര്‍ന്ന് കർണാടക സ്വദേശി രാധാകൃഷ്‌ണ കമ്മത്തി(59)നെ അറസ്‌റ്റ് ചെയ്‌തിരുന്നു.
മഞ്ചേശ്വരം എക്സൈസ് ചെക്പോസ്‌റ്റിലെ എക്സൈസ് ഇൻസ്പെക്‌ടർ ആർ റിനോഷും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. KA 19 AC 7246 നമ്പർ ദോസ്‌ത് ഗുഡ്‌സ് കാരിയർ വാഹനവും പിടികൂടിയിരുന്നു.
750ന്‍റെ 720 കുപ്പികളിലായി 540 ലിറ്ററും, 180 ന്‍റെ 10800 കുപ്പികളിലായി 1944 ലിറ്ററും ആകെ 2484 ലിറ്റർ ഗോവൻ മദ്യവും 90000 രൂപയുമാണ് പിടിച്ചെടുത്തത്. അടുത്തിടെ മഞ്ചേശ്വരം മുഗുവിലെ ബെപ്പാരിപ്പൊന്നത്ത് കാറില്‍ കടത്തുകയായിരുന്ന 672 കുപ്പി വിദേശ മദ്യം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. തുടര്‍ന്ന് പ്രതിയായ കൃഷ്‌ണകുമാര്‍ എന്നയാളെ അറസ്‌റ്റ് ചെയ്‌തു.
കാസര്‍കോട് എക്‌സൈസ് ഇന്‍റലിജന്‍സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വിവരപ്രകാരം കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടോണിയും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കള്ളനോട്ടടി യൂട്യൂബ് നോക്കി :അതേസമയം, ലഖ്‌നൗവില്‍ യൂട്യൂബ് വീഡിയോ നോക്കി പഠിച്ച് കള്ളനോട്ട് അടിച്ച യുവാക്കള്‍ ഉത്തര്‍പ്രദേശില്‍ അറസ്‌റ്റിലായിരുന്നു. റായ്‌ബറേലി സ്വദേശികളായ പിയൂഷ് വര്‍മ, വിശാല്‍ എന്നിവരായിരുന്നു പിടിയിലായത്. 99,500 രൂപയും നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്‍ററും സ്‌കാനറും യുവാക്കളില്‍ നിന്ന് കണ്ടെടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇരുവരും പിടിയിലായത്. ലാല്‍ഗഞ്ച് മേഖലയിലെ ബല്‍ഹേശ്വര്‍ ശിവക്ഷേത്രത്തില്‍ നടന്ന മേളയ്ക്കിടെ കച്ചവട സ്‌റ്റാളുകളിലെത്തിയ യുവാക്കള്‍ കള്ളനോട്ട് നല്‍കിയതാണ് പിടിക്കപ്പെടാന്‍ കാരണമായത്. ഇരുവരും കള്ളനോട്ട് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു. സുഹൃത്തുക്കളാണെന്നും യൂട്യൂബ് നോക്കിയാണ് കള്ളനോട്ടടി പഠിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. യൂട്യൂബ് നോക്കി നോട്ടടിക്കാന്‍ പഠിച്ച ഇരുവരും പ്രിന്‍ററും സ്‌കാനറും ഉപയോഗിച്ച് വീട്ടില്‍ തന്നെ അച്ചടി തുടങ്ങുകയായിരുന്നു.
കള്ളനോട്ട് ഉപയോഗിച്ചാണ് പ്രതികള്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങിക്കുന്നതെന്ന് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതിന് പിന്നാലെ ഇവര്‍ കുറ്റസമ്മതം നടത്തി. ഇതോടെ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെന്നും ലാല്‍ഗഞ്ച് പൊലീസ് അറിയിച്ചു.