കാസർകോട്:മഞ്ചേശ്വരത്ത് കേരളത്തിലേക്ക് കടത്തുകയായിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടി. 2,484 ലിറ്റർ ഗോവൻ നിർമിത വിദേശ മദ്യമാണ് പിടികൂടിയത്. കർണാടക സ്വദേശി രാധാകൃഷ്‌ണ കമ്മത്തിനെയാണ് (59) പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലെ, എക്സൈസ് ഇൻസ്പെക്‌ടർ ആർ റിനോഷും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.
KA 19 AC 7246 നമ്പർ ദോസ്‌ത ഗുഡ്‌സ് കാരിയർ വാഹനവും പിടികൂടിയിട്ടുണ്ട്. 750ന്‍റെ 720 കുപ്പികളിലായി 540 ലിറ്ററും 180ന്‍റെ 10,800 കുപ്പികളിലായി 1,944 ലിറ്ററും ആകെ 2,484 ലിറ്റർ ഗോവൻ മദ്യവും 90,000 രൂപയുമാണ് പിടിച്ചെടുത്തത്. പരിശോധനയിൽ പ്രിവന്‍റീവ് ഓഫിസർമാരായ സജീവ് വി, സാബു കെ, സിവിൽ എക്സൈസ് ഓഫിസർമാരായ നിഷാദ്, മഞ്ജുനാഥൻ, ദിനൂപ്, അഖിലേഷ്, ശ്യാംജിത്ത് എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം മഞ്ചേശ്വരം മുഗുവിലെ ബെപ്പാരിപ്പൊന്നത്ത് കാറില്‍ കടത്തുകയായിരുന്ന 672 കുപ്പി വിദേശ മദ്യം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. മുഗു ചെന്നക്കുണ്ടിലെ കൃഷ്‌ണകുമാര്‍ എന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്‌തു. കാസര്‍കോട് എക്‌സൈസ് ഇന്‍റലിജന്‍സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വിവര പ്രകാരം കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടോണി എസ് ഐസക്കും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രിവന്‍റീവ് ഓഫിസര്‍മാരായ ബാബുപ്രസാദ്, സുരേഷ് ബാബു, ഇകെ ബിജോയി, കെഎം പ്രതീപ്, എംകെ ബാബു കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മുഹമ്മദ് കബീര്‍, പ്രജിത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.