കാസർകോട്:വിവിധയിനം നെല്‍വിത്തുകളുടെ ശേഖരം കൊണ്ട് സമ്പന്നനാണ് കാസർകോട്ടെ നെട്ടണിഗെയിലെ സത്യനാരായണ. ജപ്പാൻ വയലറ്റും ഫിലിപ്പിൻസ് മനിലയും മൈസൂർ രാജാക്കൻമാർ ഉപയോഗിച്ചിരുന്ന രാജമുടിയും
അസം ബ്ലാക്കും ഉൾപ്പെടെ വിദേശത്തേയും സ്വദേശത്തെയുമടക്കം 650ഓളം നെൽ വിത്തുകളാണ് കർഷകനായ സത്യനാരായണയുടെ കൈവശമുള്ളത്. 450 ഇനം വിത്തുകൾ സത്യ നാരായണയുടെ കൃത്രിമ പാടത്ത് കൊയ്യാൻ പാകമായിരിക്കുന്നു.
വിളവെടുപ്പിനൊരുങ്ങി അപൂർവ്വയിനങ്ങള്‍
അപൂർവയിനങ്ങളടക്കം 200 നെൽവിത്തുകൾ രണ്ടാം വിളക്കായി ഒരുങ്ങി നില്‍പുണ്ട്. അർബുദത്തെ പ്രതിരോധിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കുന്നതുമായ ഔഷധ നെല്ലുകളുമുണ്ട് കൂട്ടത്തില്‍. കേരളത്തിൽ തന്നെ അപൂർവ്വമായ ഒരു വിത്തിൽ തന്നെ ഇരട്ട അരി കിട്ടുന്ന ജുഗൽ നെൽ വിത്തുകളും ഈ കർഷകന്‍റെ കയ്യിൽ ഭദ്രമായുണ്ട്.
ALSO READ :ആലുവയില്‍ കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം; നിരവധി പേർക്ക് പരിക്ക്
റബ്ബർ കർഷകനായ സത്യനാരായണന് രണ്ടിനം വിത്തുകളുമായി 12 വർഷം മുമ്പാണ് നെല്ലിനോട് പ്രണയം തോന്നിയത്. പിന്നീട് അപൂർവ്വയിനം വിത്തുകൾ കണ്ടെത്താനുള്ള അന്വേഷണമായി. കർണാടകയിലും വയനാടും കുട്ടനാടും പട്ടമ്പിയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും വിത്തുകൾ ശേഖരിച്ചു. രാജസ്ഥാനിലും മറ്റു സംസ്ഥാനങ്ങളിലും വിത്തുകൾക്ക് വേണ്ടി പോയിട്ടുണ്ടെന്നും സത്യ നാരായണ പറയുന്നു.
വീടിന് സമീപത്തെ ചെറിയ പാടത്തും ബാക്കിയുള്ള സ്ഥലത്ത് ടാർപായയിൽ വെള്ളം കെട്ടി നിർത്തിയുമാണ് നെൽകൃഷി. ഗ്രോ ബാഗുകളിലാണ് ആദ്യം വിത്തിടുന്നത്. അത് പിന്നീട് പാടത്തേക്ക് മാറ്റും.