കാസർകോട് : തെങ്ങും കവുങ്ങും കുരുമുളകും പച്ചക്കറിയും നെല്ലും പശുവുമായി 15 ഏക്കറിൽ സ്വർഗ്ഗ തുല്യമായ ഭൂമി (Farmer Shankaranarayana Bhatt's Land Equal To Heaven). അവിടെ എഴുപതുകാരനായ കൃഷിക്കാരൻ സദാ സമയവും ജോലിയിൽ മുഴുകിയിരിക്കുന്നു. കാസർകോട് ബദിയടുക്കയിലാണ് ഈ മനോഹര കാഴ്‌ച. പെരുമുണ്ടയിലെ ശങ്കരനാരായണ ഭട്ടിന് കൃഷിയാണ് എല്ലാം. സൂര്യനുദിച്ച് അസ്‌തമിക്കും വരെ കൃഷിയിടത്തിൽ സജീവമാണ് ഇദ്ദേഹം.
ഇരുപതോളം പശുക്കളും പത്തു കിടാരികളും ഉണ്ട്. ലിറ്ററു കണക്കിന് പാല് കിട്ടുമെങ്കിലും വില്‌പനയില്ല. വീട്ടാവിശ്യം കഴിഞ്ഞാൽ കിടാരികൾക്ക് വയറു നിറയെ കുടിക്കാം. അറുപതു വർഷത്തിലധികം പഴക്കമുള്ള പുതു തലമുറ കാണാത്ത വിധത്തിലുള്ള തൊഴുത്താണ് ഇവിടെയുള്ളത്. 1980ൽ മൈസൂരു സർവകലാശാലയിൽനിന്നും ഇക്കണോമിക്‌സിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയതാണ്
ശങ്കരനാരായണ ഭട്ട്. എന്നാൽ മറ്റു ജോലികൾ തേടി പോകാതെ അച്ഛനൊപ്പം കൃഷിയിടത്തിലേക്ക് തിരിഞ്ഞു. തൊട്ടതെല്ലാം പൊന്നായതോടെ അന്നു മുതലിങ്ങോട്ട് കൃഷി തന്നെയാണ് ഭട്ടിന്‍റെ ജീവിതം.
അമ്പതു വർഷം മുമ്പുള്ള ഡീസൽ ജനറേറ്ററും നെല്ല് കുത്തുന്ന യന്ത്രവും വലിയ പത്തായ പുരയും സാധനങ്ങളുടെ അളവ് നോക്കുന്ന ത്രാസുമെല്ലാം പഴമയുടെ നേർ കാഴ്‌ചയായി ഇവിടെയുണ്ട്. കവുങ്ങിനും തെങ്ങിനും നെല്ലിനും പുറമെ ഇടവിളയായി വാഴയുമുണ്ട്. വർഷംതോറും അഞ്ച് ക്വിന്‍റല്‍ കുരുമുളക് ലഭിക്കും. ഇവയും അടക്കയും തേങ്ങയും വിൽക്കും. രണ്ടുവിള നെൽകൃഷിയിറക്കും. ചാണകം മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. വീട്ടാവശ്യം കഴിഞ്ഞുള്ള അരി മറ്റുള്ളവർക്ക് വിൽക്കും. ഇവിടെ നിന്നും ലഭിക്കുന്ന കുത്തരിക്ക് വലിയ ഡിമാൻഡ് ആണ്.