കാസർകോട്: കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ്. കള്ളവോട്ട് ചെയ്യുന്നതിന്‍റേതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടാണ് കോൺഗ്രസ് കള്ളവോട്ട് ആരോപണം വീണ്ടും ഉന്നയിച്ചത്. എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് കോൺഗ്രസിന്‍റെ ആരോപണം.
കാസർകോട് കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ്; ദൃശ്യങ്ങൾ പുറത്ത് വിട്ടു
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്നും ആരോപണം. ഒരാൾ രണ്ട് തവണ വോട്ട് ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ചെറുതാഴം പഞ്ചായത്തംഗം എം പി സെലീന 17-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. പിന്നീട് 19-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു. മറ്റാരുടെയോ തിരിച്ചറിയല്‍ കാര്‍ഡില്‍ വോട്ട് ചെയ്ത ഇവര്‍ രേഖ വാങ്ങുന്നതും പിന്നീട് മടക്കി നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം മുൻ പഞ്ചായത്തംഗം 24-ാം ബൂത്തിലെ വോട്ടർ കെ പി സുമയ്യയും 19-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടുതൽ സ്ഥലങ്ങളിലെ കള്ള വോട്ട് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. സംഭവത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിശദീകരണം തേടി. വരണാധികാരി കൂടിയായ ജില്ലാ കളക്ടറോടാണ് വിശദീകരണം തേടിയത്. ഉടൻ റിപ്പോർട്ട് നൽകാനും നിര്‍ദേശം.