കേരളം

kerala

ETV Bharat / state

കണ്ണീരുണങ്ങാതെ വിഷമഴ പെയ്‌ത മണ്ണ്, ഇനിയും ഈ കുഞ്ഞുങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നവരോട് എന്ത് പറയാൻ... - ദുരിത ബാധിത പട്ടികയില്‍ പെടാതെ എൻഡോസള്‍ഫാൻ ഇരകള്‍

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുരിത ബാധിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അഞ്ഞൂറിലേറെ പേരെയാണ്. പട്ടികയിൽ ഉൾപെടുത്താനായി ഓഫീസുകൾ കയറി ഇറങ്ങുന്നവർക്ക് നിരാശ മാത്രമാണ് ഫലം.

Endosulfan Victims Kasaragod  കാസര്‍കോട് എൻഡോസള്‍ഫാൻ ഇരകള്‍  എൻഡോസള്‍ഫാൻ ഇരകളോട് അനീതി  ദുരിത ബാധിത പട്ടികയില്‍ പെടാതെ എൻഡോസള്‍ഫാൻ ഇരകള്‍
ദുരിതബാധിത പട്ടികയില്‍ പെടാതെ എൻഡോസള്‍ഫാൻ ഇരകള്‍; വിഷമഴയുടെ ദുരിതം പേറി സജിത്തും ഹരീബും

By

Published : Jun 9, 2022, 4:02 PM IST

കാസർകോട്: ഈ മനുഷ്യരോട് എന്തിനാണീ ക്രൂരത, ഇതുവരെ അനുഭവിച്ചതിലേറെയുണ്ട് ഇനിയും ദുരിതകാലം അനുഭവിച്ച് തീർക്കാൻ... കണ്ണുനിറയാതെ മനസൊന്നു വിങ്ങാതെ കണ്ടുനില്‍ക്കാനാകില്ല എൻഡോസൾഫാൻ ദുരിത ബാധിതരുടെ ജീവിതം. അപ്പോഴും ദുരിത ബാധിതരുടെ പട്ടികയില്‍ പോലും ഇടം നല്‍കാതെ ഈ മനുഷ്യരോട് കാണിക്കുന്ന ക്രൂരത തുടരുകയാണ്.

ദുരിതബാധിത പട്ടികയില്‍ പെടാതെ എൻഡോസള്‍ഫാൻ ഇരകള്‍; വിഷമഴയുടെ ദുരിതം പേറി സജിത്തും ഹരീബും

പരുവനടുക്കത്തെ രമണിയുടെ മകൻ സജിത്തും ആലംപാടിയിലെ ഫരീദ സൈഫുള്ള ദമ്പതികളുടെ മകൾ ഹരീബും ആ ഗണത്തില്‍ രണ്ടുപേര്‍ മാത്രമാണ്. താങ്ങാനാവാത്ത ചികിത്സ ചെലവുകളും, കടുത്ത മാനസിക വെല്ലുവിളികളുമായി കഴിയുന്നവരോടാണ് ഈ അവഗണന.

28 വയസായി സജിത്തിന്. സജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വീട്ടിലേക്ക് റോഡില്ല. വർഷങ്ങൾക്ക് മുമ്പ് അച്ഛന്‍ മരിച്ചതോടെ അമ്മ രമണിയുടെ തണലിലാണ് സജിത്ത് കഴിയുന്നത്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസം. എപ്പോഴും മകന്റെ കൂടെ വേണമെന്നതിനാൽ രമണിക്ക് ജോലിക്കും പോകാൻ കഴിയുന്നില്ല. ഇതോടെ വരുമാനവും നിലച്ചു.

ആലംപാടിയിലെ ഹരീബയുടെയും അവസ്ഥ സമാനമാണ്. ദുരിത ബാധിതരുടെ പട്ടികയിൽ ഇതുവരെ ഇവര്‍ ഉള്‍പ്പെട്ടിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം കയറി ഇറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളില്ല. ഇവരുടെ ചോദ്യങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. വരുമാനം ഇല്ലാതായതോടെ ഹരീബയുടെ മരുന്നു പോലും മുടങ്ങി. സമാന അവസ്ഥയിലുള്ള നിരവധി കുടുംബങ്ങൾ കാസർകോട്ടെ ദുരിത ബാധിത പ്രദേശങ്ങളിലുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് അഞ്ഞൂറിലേറെ പേരെയാണ്. പട്ടികയിൽ ഉൾപെടുത്താനായി ഓഫീസുകൾ കയറി ഇറങ്ങുന്നവർക്ക് നിരാശമാത്രമാണ് ഫലം. ബദിയടുക്കയിൽ എൻഡോസൾഫാൻ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത് ഒരു മാസം മുൻപാണ്. ജില്ലയിൽ ദുരിത ബാധിതർക്കായി നിർമിച്ച ബഡ്സ് സ്കൂളുകളുടെയും അവസ്ഥ ഇതുതന്നെയാണ്.
പനത്തടി, പെരിയെടുക്ക, പെർള, വലിയപറമ്പ് എന്നിവിടങ്ങളിലെ സ്കൂളുകളെല്ലാം ഇപ്പോഴും അടഞ്ഞുകിടക്കുന്നു. എൻഡോസൾഫാൻ പുനരധിവാസ കേന്ദ്രം തുടങ്ങാനായി ഏറ്റെടുത്ത മുളിയാറിലെ സ്ഥലം അങ്ങനെതന്നെ കിടക്കുകയാണ്. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയില്‍ ഇതുവരെ ഒരു നിര്‍മാണവും നടന്നിട്ടില്ല. സർക്കാർ പല ഉറപ്പുകളും കൊടുത്തിട്ടുണ്ട്. പക്ഷേ ഒന്നും നടപ്പായില്ലെന്ന് മാത്രം. ദുരിതവും വേദനയും പറഞ്ഞ് ഇവർക്ക് മതിയായി.

Also Read: എൻഡോസള്‍ഫാൻ മേഖലയില്‍ അകാലമരണം വര്‍ധിക്കുന്നു; ആരോഗ്യ ക്യാമ്പ് നടന്നിട്ട് വര്‍ഷങ്ങളായി

ABOUT THE AUTHOR

...view details