കാസര്‍കോട്:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്‌ത നഷ്‌ടപരിഹാര തുക കീടനാശിനി ഉത്‌പാദിപ്പിച്ച കമ്പനിയില്‍ നിന്നും ഈടാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാതെ സര്‍ക്കാര്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്ന് പോകുന്നതെന്ന് പറയുന്നതിനിടെയാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടി. കോടതി വിധി അവഗണിച്ചാല്‍ പൊതുഖജനാവില്‍ നിന്നെടുത്ത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതതര്‍ക്ക് വിതരണം ചെയ്‌ത 200 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നഷ്‌ടമാകും.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി ചെലവഴിച്ച നഷ്‌ടപരിഹാര തുക തിരിച്ച് പിടിക്കാതെ സര്‍ക്കാര്‍ - സുപ്രീം കോടതി
സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാൻ ദുരിത ബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരമായി നല്‍കിയത്. പൊതുഖജനാവില്‍ നിന്നെടുത്ത 200 കോടി രൂപയായിരുന്നു ഇതിനായി ചെലവാക്കിയത്.
2022 ജൂലൈ അവസാനത്തോടെയായിരുന്നു 200 കോടി രൂപ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ ഇത് തിരിച്ചുപിടിക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. ചീഫ് ജസ്റ്റിസായിരുന്ന കെജി ബാലകൃഷ്‌ണന്‍ ഉള്‍പ്പെട്ട ബെഞ്ച് ആറ് വര്‍ഷം മുന്‍പ് ഇറക്കിയ ഉത്തരവിലെ വിധിയാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നത്. നഷ്‌ടപരിഹാരം വിതരണം ചെയ്യുന്നതിന് വേണ്ടി ചെലവഴിച്ച തുക നിയമപരമായ നടപടികളിലൂടെ കമ്പനിയില്‍ നിന്നും ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവിലെ നിര്‍ദേശം. ഇത് സാധ്യമല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും പണം ഈടാക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
സുപ്രീം കോടതിയുടെ അന്ത്യശാസനയ്‌ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നല്‍കിയത്. ഇത് സർക്കാരിന് വലിയ സാമ്പത്തിക ഭാരമായി മാറുകയും ചെയ്‌തു. എന്നിട്ടും ചെലവായ ഭീമമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യതകളെ സർക്കാർ അവഗണിക്കുന്നത് കടുത്ത അനാസ്ഥയാണെന്നാണ് ഉയരുന്ന ആക്ഷേപം. കഴിഞ്ഞ മാസം നടന്ന എൻഡോസൾഫാൻ സെൽ യോഗത്തിനെത്തിയ മന്ത്രി മുഹമ്മദ് റിയാസിനോട് ഇതുമായി ബന്ധപ്പെട്ട ചോദ്യം മാധ്യമങ്ങൾ ഉന്നയിച്ചപ്പോൾ പരിശോധിക്കാം എന്ന് മാത്രമായിരുന്നു മറുപടി.