കാസർകോട്:തെരഞ്ഞെടുപ്പ് ജോലിക്കിടെ എംഎൽഎയും സ്ഥാനാർഥികളും ഭീഷണിപ്പെടുത്തിയതായി പ്രിസൈഡിങ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ്. കാർഷിക സർവ്വകലാശാല അധ്യാപകനും ഇടതു അധ്യാപക സംഘടനാ നേതാവുമായ ഡോ: കെ.എം ശ്രീകുമാറാണ് പരാതിക്കാരൻ. കാസർകോട് ആലക്കാട് ചെർക്കപാറ കിഴക്കെഭാഗം ഗവ: എൽ പി സ്കൂളിലാണ് സംഭവം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിരിച്ചറിയിൽ കാർഡ് പരിശോധിക്കുന്നതിനെതിരെ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനും ഇടതുമുന്നണി സ്ഥാനാർഥികളും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ ജില്ലാ കലക്ടറോടും പരാതിക്കാരനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി.
തെരഞ്ഞെടുപ്പ് ജോലിക്കിടെ എംഎൽഎ ഭീഷണിപ്പെടുത്തിയെന്ന് പ്രിസൈഡിങ് ഓഫീസർ - mla
തിരച്ചറിയിൽ കാർഡ് പരിശോധിക്കുന്നതിനെതിരെ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനും ഇടതു സ്ഥാനാർഥികളും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട് പള്ളിക്കര പഞ്ചായത്തിലെ ചെറക്കപ്പാറ കിഴക്കേ ഭാഗം ഗവ എൽ.പി.സ്കൂളിലെ 12-ാം നമ്പർ ബൂത്തിൽ തെരഞ്ഞെടുപ്പ് ജോലിക്കിടെയുള്ള സംഭവമാണ് കെ.എം. ശ്രീകുമാർ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. വോട്ടർമാരുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുമ്പോൾ പ്രിസൈഡിങ് ഓഫീസർ രേഖ പരിശോധിക്കേണ്ടെന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാല് വെട്ടുമെന്ന് കെ. കുഞ്ഞിരാമൻ എംഎൽഎ പൊലീസിന് മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ശ്രീകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഡിസംബർ 16ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ഇത് സംബന്ധിച്ച ഔദ്യോഗികമായി പരാതിയും നൽകി.
സിപിഎം ശക്തികേന്ദ്രമായ പ്രദേശത്ത് കൂടുതൽ കാര്യങ്ങളിൽ പരിശോധന വേണ്ടെന്ന് പറഞ്ഞു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയായ കെ.മണികണ്ഠനാണ് ആദ്യം ഭീഷണി മുഴക്കിയത്. തൊട്ടുപിന്നാലെയാണ് വോട്ട് ചെയ്യാനെത്തിയ കെ.കുഞ്ഞിരാമൻ എംഎൽഎയും പ്രിസൈഡിംഗ് ഓഫീസറോട് കയർത്തത്. എന്നാൽ വോട്ടെടുപ്പിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രിസൈഡിംഗ് ഓഫീസർ പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് എംഎൽഎയും കെ. മണികണ്ഠനും പറഞ്ഞു. പോളിങ് ഓഫിസർ ചെയ്യേണ്ട കാര്യം പ്രിസൈഡിംഗ് ഓഫീസർ ചെയ്യുന്നത് അപ്പോൾ തന്നെ ജില്ല കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും എംഎൽഎ പറഞ്ഞു. ബൂത്തിൽ വീഡിയോ ചിത്രീകരണം ഉണ്ടായിരുന്നതായും ശ്രീകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.