കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം എം.എൽ.എ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രിസൈഡിംഗ് ഓഫീസറെ വിളിച്ചു വരുത്തി മൊഴിയെടുക്കും. പ്രിസൈഡിംഗ് ഓഫീസർ ആയിരുന്ന ഡോ.കെ.എം.ശ്രീകുമാറിൽ നിന്ന് മൊഴിയെടുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ശ്രീകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി ഉന്നയിച്ച സാഹചര്യത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. എം എൽ എ കെ.കുഞ്ഞിരാമൻ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായ പോസ്റ്റ് ഏറെ ചർച്ചയായത്തിന് പിന്നാലെ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടിരുന്നു.
എംഎൽഎ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രിസൈഡിംഗ് ഓഫീസറുടെ മൊഴിയെടുക്കും - കാസർകോട് വാർത്തകൾ
പ്രിസൈഡിംഗ് ഓഫീസർ ആയിരുന്ന ഡോ.കെ.എം.ശ്രീകുമാറെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി
അതെ സമയം ഫേസ്ബുക്ക് കുറിപ്പെഴുതിയ പ്രിസൈഡിംഗ് ഓഫീസർക്ക് കൃത്യനിർവ്വഹണത്തിൽ വീഴ്ച പറ്റിയതായാണ് പ്രാഥമിക വിലയിരുത്തൽ. കള്ള വോട്ട് നടന്നെങ്കിൽ തെരഞ്ഞെടുപ്പ് നിർത്തിവെക്കാൻ അധികാരമുണ്ടായിട്ടും അത് ചെയ്യാത്തത് തെറ്റാണ്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തീകരിക്കും വരെ കള്ളവോട്ട് ആരോപണം ഉന്നയിക്കാതിരുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട് പള്ളിക്കര പഞ്ചായത്തിലെ ചെറക്കപ്പാറ കിഴക്കേ ഭാഗം ഗവ എൽ.പി.സ്കൂളിലെ 12-ാം നമ്പർ ബൂത്തിൽ തെരഞ്ഞെടുപ്പ് ജോലിക്കിടെയുള്ള സംഭവമാണ് കഴിഞ്ഞ ദിവസം പ്രീസൈഡിങ് ഓഫീസർ ആയിരുന്ന ഡോ. കെ.എം.ശ്രീകുമാർ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചത്. വോട്ടർമാരുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുമ്പോൾ പ്രിസൈഡിങ് ഓഫീസർ രേഖ പരിശോധിക്കേണ്ടെന്നും പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാല് വെട്ടുമെന്ന് കെ.കുഞ്ഞിരാമൻ എം എൽ എ പൊലീസിന് മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയതായുമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ശ്രീകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഡിസംബർ 16ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച ഔദ്യോഗികമായി പരാതിയും നൽകി.