നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയാകുമ്പോൾ അപരന്മാരുടെ ഭീഷണി ഇല്ലാതെ കാസർകോട്ടെ സ്ഥാനാർഥികൾ. സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിൽ അപരന്മാരെ നിർത്തി വോട്ട് ചോർച്ച ഉണ്ടാക്കാൻ മുന്നണികൾ മത്സരിക്കുമ്പോൾ ആണ് ഒരു അപരനെ പോലും രംഗത്ത് ഇറക്കാതെ കാസർകോട് മണ്ഡലം തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
സ്ഥാനാര്‍ഥികള്‍ക്ക് ആശ്വാസം; കാസര്‍കോട് അപരന്മാരില്ല
അപരന്മാരുടെ ഭീഷണി ഇല്ലാതെ കാസർകോട്ടെ സ്ഥാനാർഥികൾ. ഒരുപരിധിവരെ പ്രധാന സ്ഥാനാർഥികളുടെ ജയപരാജയങ്ങൾക്ക് കാരണമാകുന്നുണ്ട് അപരന്മാർ
പേരുകൾ കൊണ്ടുള്ള സാമ്യം ഒന്നുകൊണ്ട് മാത്രം ഉണ്ടാകുന്ന വോട്ട് ചോർച്ച. ഒരുപരിധിവരെ പ്രധാന സ്ഥാനാർഥികളുടെ ജയപരാജയങ്ങൾക്ക് കാരണമാകുന്നുണ്ട് അപരന്മാർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ സുധാകരന് വെല്ലുവിളിയായത് രണ്ട് അപരന്മാർ ആണ്. അപരന്മാർ നേടിയതിനു തുല്യമായ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പികെ ശ്രീമതി ജയിച്ചുകയറിയത്. ഇക്കുറിയും കണ്ണൂരിൽ അപരന്മാർക്ക് പഞ്ഞമില്ല. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലും അപരന്മാരുടെ നീണ്ടനിര തന്നെയുണ്ട്.
എന്നാൽ കാസർകോട്ടെ മുന്നണി സ്ഥാനാർഥികൾക്ക് ഇക്കുറി അത്തരം ഭീഷണികൾ ഇല്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാം. വലിയ വെല്ലുവിളി ഉണ്ടായിട്ടില്ലെങ്കിലും കഴിഞ്ഞ തവണ മൂന്നു മുന്നണി സ്ഥാനാർഥികൾക്കും കാസർകോട്ട് അപരന്മാർ ഉണ്ടായിരുന്നു. ഇത്തവണ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഒമ്പത് സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്ക് പുറമേ ബിഎസ്പി സ്ഥാനാർഥിയും മത്സരരംഗത്തുണ്ട്. മറ്റ് അഞ്ച് പേർ സ്വതന്ത്രന്മാരാണ്. എല്ലാവരും വ്യത്യസ്ത നാമധാരികൾ. വി വി പാറ്റ് മെഷീൻ അടക്കം ഇത്തവണ തെരഞ്ഞെടുപ്പിൽ ഉണ്ടെങ്കിലും അപരന്മാർ ഇല്ലാത്തത് സ്ഥാനാർഥികൾക്ക് ആശ്വാസമാണ്.